കോന്നി : പുനലൂർ മൂവാറ്റുപുഴ പാത നിർമ്മാണ പ്രവർത്തനവുമായി ബന്ധപ്പെട്ട് റോഡിൽ ഉപേക്ഷിക്കുന്ന ആണി തറച്ച പലകകളും തടി കഷ്ണങ്ങളും വാഹനങ്ങൾക്ക് ഭീഷണിയാകുന്നു. റോഡിലെ ഓടയുടെ നിർമ്മാണ പ്രവർത്തനവുമായി ബന്ധപ്പെട്ട് മുറിച്ച് കളയുന്ന ആണി ഉൾപ്പെടെ ഉള്ള പലകകഷ്ണങ്ങൾ റോഡിൽ ആണ് പലപ്പോഴും വലിച്ചെറിയുന്നത്. റോഡിൽ കളയുന്ന ഇത്തരം വസ്തുക്കളുടെ മുകളിൽ വാഹനങ്ങൾ കയറി ഇറങ്ങുമ്പോൾ ടയർ പഞ്ചറാകുന്നതും പതിവാണ്. ചെറിയ കമ്പി ക്ഷണങ്ങളും ഇത്തരത്തിൽ റോഡിൽ ഉപേക്ഷിക്കപെടുന്നുണ്ട്.
ഓടയുടെയും കലുങ്കിന്റെയും കോൺക്രീറ്റ് ജോലികൾ നടക്കുന്ന ഭാഗങ്ങളിൽ ആണ് കൂടുതലും ഇത്തരത്തിൽ നടക്കുന്നത്. എന്നാൽ ഇത്തരം പലക കഷ്ണങ്ങൾ റോഡിൽ നിന്ന് നീക്കം ചെയ്യുന്നതിനും ബന്ധപ്പെട്ടവർ തയ്യാറാകുന്നില്ല. മഴ കൂടി പെയ്തതോടെ റോഡിൽ കളയുന്ന ഇത്തരം പലകകൾ മറ്റ് പല റോഡുകളിലേക്കും എത്തുന്നുമുണ്ട്. കോന്നി നഗരത്തിൽ അടക്കം ഇത്തരത്തിൽ പലകകൾ ഉപേക്ഷിക്കുന്നുണ്ട്. വിഷയത്തിൽ അടിയന്തിര നടപടി സ്വീകരിക്കണം എന്നും ആവശ്യമുയരുന്നു.