റാന്നി : മന്ത്രിയെത്തിയ വാക്സിന്‍ വിതരണം പ്രഹസനമായെന്ന് ആരോപണം. റാന്നി നാറാണംമൂഴി പഞ്ചായത്തിലെ അടിച്ചിപ്പുഴ കോളനിയിലും പരിസരത്തുമുള്ളവര്‍ക്കാണ് വാക്സിന്‍ കിട്ടാതെ ഇളിഭ്യരായി മടങ്ങേണ്ടി വന്നത്. ശനിയാഴ്ച ഉച്ചക്ക് ശേഷം 2.45 ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജ് സന്ദര്‍ശനത്തിനെത്തുമ്പോഴായിരുന്നു വാക്സിന്‍ വിതരണം ക്രമീകരിച്ചത്.
എന്നാല്‍ മന്ത്രി വന്ന സമയത്ത് വാക്സിന്‍ കിട്ടിയവര്‍ക്ക് കിട്ടി, മന്ത്രി മടങ്ങിയശേഷം വാക്സിന്‍ വിതരണം നിര്‍ത്തി ആരോഗ്യ പ്രവര്‍ത്തകര്‍ മടങ്ങിയെന്നാണ് നാട്ടുകാര്‍ പറയുന്നത്. മന്ത്രി എത്തുന്നതനുസരിച്ച് വകുപ്പ് ഉദ്യോഗസ്ഥരും പാര്‍ട്ടിക്കാരും തട്ടിക്കൂട്ടി ഉണ്ടാക്കിയ പരിപടിയെന്നാണ് നാട്ടുകാരുടെ ആരോപണം. 18 വയസ് കഴിഞ്ഞവര്‍ക്ക് വാക്സിന്‍ നല്കുന്നതായി മന്ത്രി മുമ്പ് പറഞ്ഞത് യാര്‍ത്ഥ്യമാക്കുവാന്‍ ഇത്തരത്തില്‍ ജില്ലയില്‍ പലയിടത്തും തട്ടിക്കൂട്ട് പരിപാടികള്‍ ഉണ്ടായിരുന്നതായി പറയുന്നു.
ശനിയാഴ്ച അടിച്ചിപ്പുഴ കമ്മ്യൂണിറ്റി ഹാളില്‍ വാക്സിന്‍ വിതരണം ഉണ്ടെന്നും അതില്‍ പങ്കാളികള്‍ ആകണമെന്നും വാട്സാപ്പ് മെസേജ് കണ്ടതനുസരിച്ചാണ് വാക്സിന്‍ സ്വീകരിക്കാന്‍ ആളുകള്‍ എത്തിയത്. എന്നാല്‍ മിന്നല്‍ വേഗത്തില്‍ മന്ത്രിയെത്തിയതും മടങ്ങിയതും നാട്ടുകാരെ നിരാശരാക്കിയതല്ലതെ വന്നവര്‍ക്ക് വാക്സിന്‍ ലഭിച്ചില്ലന്നുമാണ് നാട്ടുകാരുടെ ആരോപണം.