റാന്നി: തോട്ടമൺകാവ് ദേവീക്ഷേത്ര സന്നിധിയിൽ അംബായാഗം 2026-ന്റെ വിജയത്തിനായി നടന്നുവരുന്ന 21 ദിവസത്തെ നാരായണീയ പാരായണയജ്ഞം പന്ത്രണ്ടാം ദിവസത്തിലേക്ക് കടന്നതോടെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള ഭക്തസമൂഹങ്ങളുടെ ആത്മീയ സംഗമമായി മാറുന്നു. പന്ത്രണ്ടാം ദിവസത്തെ ചടങ്ങുകൾ വിളക്കിത്തല നായർ സമാജം റാന്നി താലൂക്ക് പ്രസിഡന്റ് ബാബു ഉദ്ഘാടനം ചെയ്തു. ദേവസ്വം പ്രസിഡന്റ് അഡ്വ. ഷൈൻ ജി. കുറുപ്പ് അധ്യക്ഷത വഹിച്ചു. ആചാര്യ വിജയലക്ഷ്മി, പി. എസ്. ആനന്ദമ്മ, ദേവസ്വം സെക്രട്ടറി പി. ശ്രീകുമാർ, സി. എൻ. പ്രസാദ് തുടങ്ങിയവർ സംസാരിച്ചു.
ഉമാമഹേശ്വര നാരായണീയ പാരായണ സമിതി, ഇളകൊള്ളൂർ–കോന്നി പന്ത്രണ്ടാം ദിവസത്തെ നാരായണീയ പാരായണം സമർപ്പിച്ചു. ഓരോ ദിവസവും വ്യത്യസ്ത പ്രദേശങ്ങളിൽ നിന്നുള്ള നാരായണീയ സമിതികൾ തോട്ടമൺകാവ് ദേവീക്ഷേത്ര സന്നിധിയിലെത്തി പാരായണം സമർപ്പിക്കുന്നതിലൂടെ, അംബായാഗത്തിന് മുന്നോടിയായി നടക്കുന്ന ഈ യജ്ഞം ഒരു വലിയ ആത്മീയ കൂട്ടായ്മയായി വളരുകയാണ്. പാരായണത്തിലൂടെ ഭക്തിയും കൂട്ടായ്മയും പങ്കുവെക്കുന്ന ഈ ദിനങ്ങൾ അംബായാഗത്തിന്റെ ആത്മീയ മുന്നൊരുക്കങ്ങൾക്ക് കൂടുതൽ അർഥം പകരുകയാണ്.































