ന്യൂഡല്‍ഹി : അന്താരാഷ്ട്ര പാഴ്സല്‍ ബാഗേജ് വഴി 10 കോടി രൂപയുടെ മയക്കുമരുന്ന് ഡല്‍ഹിയിലും ആസാമിലും പിടികൂടി. സോപ്പുകള്‍, മേക്കപ് കിറ്റുകള്‍, എല്‍ഇഡി ലൈറ്റുകള്‍ എന്നിവയുടെ പാഴ്സലുകളില്‍ ഒളിപ്പിച്ച നിലയിലുള്ള ഹെറോയിന്‍ ആണ് ഡല്‍ഹിയില്‍ നര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോ പിടികൂടിയത് . പാഴ്സലുകളുമായി ബന്ധപ്പെട്ട് രണ്ടു നൈജീരിയക്കാരും ഒരു ആസാം സ്വദേശിനിയും അടക്കം നാലു പേരെ അറസ്റ്റ് ചെയ്തു . പഞ്ചാബിലെ ഫിറോസ്പൂരില്‍ നിന്ന് കഴിഞ്ഞ ആറിന് 35 കോടി രൂപ വിലയുള്ള 8.54 കിലോ ഹെറോയിന്‍ പിടികൂടിയതിന് പിന്നാലെയാണിത് . നൂറു കോടി രൂപയുടെ ഒരു ടണ്ണോളം ഹെറോയിന്‍ ദിവസേന ഇന്ത്യയില്‍ ഉപയോഗിക്കുന്നതായാണ് എന്‍സിബിയുടെയും കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെയും കണക്കുകള്‍ പറയുന്നത് .
അന്താരാഷ്ട്ര കൊറിയര്‍ സര്‍വീസുകളുടെ പാഴ്സലുകളാണ് ഡല്‍ഹിയില്‍ അറസ്റ്റിലായ മയക്കുമരുന്നു കള്ളക്കടത്തു സംഘം ഫലപ്രദമായി ഉപയോഗിച്ചത് . നൈജീരിയക്കാരനായ എം.സി. നൊക്കോറിയെയും ആസാം സ്വദേശിയായ സ്ത്രീയെയുമാണ് ആദ്യ ഓപ്പറേഷനില്‍ പിടികൂടിയത് . തുടര്‍ന്നു നടത്തിയ രണ്ടാമത്തെ ഓപ്പറേഷനിലാണു മറ്റൊരു നൈജീരിയക്കാരനും മുംബൈയിലുള്ള ഇയാളുടെ കൂട്ടാളിയും പിടിയിലായതെന്ന് എന്‍സിബി അഡീഷണല്‍ ഡയറക്ടര്‍ കെ.പി.എസ്. മല്‍ഹോത്ര പറഞ്ഞു .
മയക്കുമരുന്നു പായ്ക്കറ്റുകള്‍ സ്വീകരിക്കാനായി മുംബൈയില്നിന്നൊരാള് ഡല്‍ഹി ദ്വാരകയിലുള്ള ഒരുനക്ഷത്രഹോട്ടലില് എത്തുമെന്ന വിവരത്തെ തുടര്‍ന്നായിരുന്നു മയക്കുമരുന്നു പിടിക്കാനായതെന്നു മല്‍ഹോത്ര പറഞ്ഞു . തുടര്‍ന്നൊരുക്കിയ കെണിയിലാണ് എ. ഒബീന, എസ്. അലി എന്നിവരെ പിടികൂടിയത് .