പാലാ : കേരളത്തില്‍ നര്‍ക്കോട്ടിക് ജിഹാദുണ്ടെന്ന പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടിലിന്റെ വെളിപ്പെടുത്തലില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ അന്വേഷണം തുടങ്ങി. ബിഷപ്പുമായി ഡല്‍ഹിയില്‍ നിന്നും ചില കേന്ദ്ര ഏജന്‍സികളുടെ പ്രതിനിധികള്‍ ഫോണില്‍ ബന്ധപ്പെട്ട് വിവരങ്ങള്‍ ആരാഞ്ഞു. നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയും ( എന്‍സിബി) വിഷയം ഗൗരവമായി തന്നെയാണ് കാണുന്നത്.
ഇന്നലെയാണ് കേന്ദ്ര ഏജന്‍സികള്‍ ബിഷപ്പിന്റെ വെളിപ്പെടുത്തലില്‍ പ്രാഥമിക അന്വേഷണം തുടങ്ങിയത്. ഈയാഴ്ച അന്വേഷണ ഏജന്‍സികള്‍ പാലായിലെത്തി വിവരം നേരിട്ടു ശേഖരിക്കും. കോട്ടയം, ഇടുക്കി ജില്ലകളില്‍ സമീപകാലത്ത് നടന്ന മയക്കുമരുന്ന് നല്‍കിയുള്ള പാര്‍ട്ടികളെ പറ്റിയും ഇതു ജിഹാദാണെന്നു സംശയിക്കാനുള്ള കാരണങ്ങളും ബിഷപ്പില്‍ നിന്നും ചോദിച്ചറിയും.
ഈ ആരോപണത്തില്‍ കാടടച്ചുള്ള ഒരു വെളിപ്പെടുത്തലല്ല ബിഷപ്പ് നടത്തിയതെന്നാണ് സൂചന. സംസ്ഥാനത്ത് നര്‍ക്കോട്ടിക് ജിഹാദ് നടക്കുന്നുവെന്ന് സംശയിക്കാനുതകുന്ന തെളിവുകള്‍ സഭാ നേതൃത്വം ശേഖരിച്ചുവച്ചിട്ടുണ്ട്. കഴിഞ്ഞ സഭാ സിനഡില്‍ ഇതു സംബന്ധിച്ച ഗൗരവകരമായ ചര്‍ച്ചകളും നടന്നിരുന്നു.
നര്‍ക്കോട്ടിക് ജിഹാദെന്ന് സംശയിക്കുന്ന നൂറോളം കേസുകള്‍ സഭയുടെ പക്കലുണ്ടെന്നാണ് വിവരം. ഇതിന്റെ വിശദാംശങ്ങള്‍ അന്വേഷണ ഏജന്‍സികള്‍ക്ക് കൈമാറും. ഒരു സമുദായത്തെയോ മതത്തെയോ അപമാനിക്കുകയോ ഒറ്റപ്പെടുത്തുകയോ അല്ല, മറിച്ച് തെറ്റായ പ്രവണ ചൂണ്ടക്കാണിക്കുകയായിരുന്നുവെന്ന വാദത്തില്‍ ഉറച്ചു നില്‍ക്കുകയാണ് ബിഷപ്പ്.
ബിഷപ്പിന്റെ ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന സ്‌പെഷ്യല്‍ ബ്രാഞ്ചു തുടങ്ങിയ അന്വേഷണവും പുരോഗമിക്കുകയാണ്. അതിനിടെ കഴിഞ്ഞ ദിവസം പാലായില്‍ ബിഷപ്പിന്റെ പ്രസ്താവനയ്‌ക്കെതിരെ മുസ്ലീം ഐക്യവേദി സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുത്ത ചിലരെ കുറിച്ചുള്ള അന്വേഷണവും നടക്കുന്നുണ്ട്.
വളരെ പെട്ടെന്ന് നടത്തിയ പ്രതിഷേധത്തില്‍ 250ലേറെ പേരെ പങ്കെടുപ്പിക്കാന്‍ ചില തീവ്ര നിലപാടുകളുള്ള സംഘടനകള്‍ മുന്‍കൈയെടുത്തെന്നാണ് വിവരം. ഇതോടൊപ്പം പ്രതിഷേധമാര്‍ച്ചില്‍ പങ്കെടുക്കാന്‍ ആളുകളെ പാലായിലെത്തിച്ചത് ജില്ലയിലെ ഒരു പ്രമുഖ ഭക്ഷ്യവസ്തു നിര്‍മ്മാണ യൂണിറ്റിന്റെ വാഹനങ്ങളിലായിരുന്നുവെന്നും അന്വേഷണ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട് .
ഈ കമ്ബനിക്ക് എന്താണ് ഈ വിഷയത്തിലുള്ള താല്‍പ്പര്യം എന്നും അന്വേഷിക്കുന്നുണ്ട് . ഏതെങ്കിലും തരത്തില്‍ തീവ്ര സംഘടനകള്‍ക്ക് സാമ്ബത്തിക സഹായമടക്കം ഇവര്‍ നല്‍കിയിട്ടുണ്ടോയെന്നും പരിശോധന നടത്തും.