പാലാ : നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തില്‍ പാലാ ബിഷപ്പിനെ പിന്തുണച്ച് യൂത്ത് കോണ്‍ഗ്രസ് പാലാ മണ്ഡലം കമ്മിറ്റി. ബിഷപ്പ് ഉന്നയിച്ചത് സാമൂഹ്യ ആശങ്കയാണെന്നും ബിഷപ്പിനെ വേട്ടയാടാന്‍ അനുവദിക്കില്ലെന്നും പാലാ മണ്ഡലം കമ്മിറ്റി വ്യക്തമാക്കി.
വിഷയത്തില്‍ നീതിയുക്തമായ അന്വേഷണം നടത്തി യാഥാര്‍ഥ്യങ്ങള്‍ പുറത്തു കൊണ്ടുവരാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. സിപിഎമ്മും ബിജെപിയും ഇക്കാര്യത്തില്‍ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണെന്നും പാലാമണ്ഡലം കമ്മിറ്റി ആരോപിച്ചു.
ലവ് ജിഹാദിനൊപ്പം നാര്‍ക്കോട്ടിക് ജിഹാദുമുണ്ടെന്നായിരുന്നുപാലാ രൂപത ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന്‍റെ പ്രസ്താവന. കത്തോലിക്ക യുവാക്കളില്‍ മയക്കുമരുന്ന് ഉപയോഗം വ്യാപകമാക്കാന്‍ പ്രത്യേകം ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ലവ് ജിഹാദില്ലെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നവര്‍ കണ്ണടച്ച് ഇരുട്ടാക്കുകയാണ്. ഇതിന് സഹായം നല്‍കുന്ന ഒരു വിഭാഗം കേരളത്തില്‍ പ്രവര്‍ത്തിക്കുന്നു.
ഇതര മതസ്ഥരായ യുവതികള്‍ ഐഎസ് ക്യാമ്ബില്‍ എങ്ങനെ എത്തിയെന്ന് പരിശോധിച്ചാല്‍ ഇക്കാര്യങ്ങള്‍ മനസിലാകും. കത്തോലിക്ക യുവാക്കളില്‍ മയക്കുമരുന്ന് ഉപയോഗം വ്യാപകമാക്കാന്‍ പ്രത്യേകം ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും ബിഷബ് ജോസഫ് കല്ലറങ്ങാട്ട് ആരോപിച്ചു.
കുറവിലങ്ങാട് പള്ളിയിലെ തിരുനാളുമായി ബന്ധപ്പെട്ടുള്ള പ്രസംഗത്തിലാണ് പാലാ ബിഷപ്പ് ഇക്കാര്യങ്ങള്‍ പറഞ്ഞത്. ലവ് ജിഹാദിന്‍റെ ഭാഗമായി പല പെണ്‍കുട്ടികളും മതംമാറ്റപ്പെടുന്നു. കത്തോലിക്ക യുവാക്കളില്‍ മയക്കുമരുന്ന് ഉപയോഗം വ്യാപകമാക്കുന്നു. മുസ്‍ലിംകള്‍ അല്ലാത്തവരെ ഇല്ലാതാക്കുകയാണ് ലക്ഷ്യം. ഇവരെ സഹായിക്കുന്ന ഒരു സംഘം കേരളത്തിലുണ്ടെന്നും കരുതിയിരിക്കണമെന്നുമാണ് ബിഷപ്പ് പറഞ്ഞത്.
“കേരളത്തിന്‍റെ മുന്‍ ഡിജിപി ലോക്നാഥ് ബെഹ്റ ഒരിക്കല്‍ പറഞ്ഞു കേരളം തീവ്രവാദികളുടെ റിക്രൂട്ടിങ് സെന്‍ററാകുന്നു, തീവ്രവാദികളുടെ സ്ലീപ്പിങ് സെല്ലുകള്‍ ഇവിടെയുണ്ടെന്ന്. വര്‍ഗീയതയും വിദ്വേഷവും വെറുപ്പും വളര്‍ത്താന്‍ ശ്രമിക്കുന്ന ജിഹാദി തീവ്രവാദികള്‍ എല്ലായിടത്തുമുണ്ട്. കൊച്ചുകേരളത്തിലുമുണ്ട്.
ജിഹാദികളുടെ കാഴ്ചപ്പാടില്‍ അമുസ്‍ലിംകള്‍ നശിപ്പിക്കപ്പെടേണ്ടതാണ്. അതിനായി ഉപയോഗിക്കുന്ന രണ്ട് മാര്‍ഗങ്ങളാണ് ലവ് ജിഹാദും നാര്‍ക്കോട്ടിക് ജിഹാദും. എങ്ങനെ പെണ്‍കുട്ടിയെ വശത്താക്കാമെന്ന് വിദഗ്ധ പരിശീലനം നേടിയവരാണ് ജിഹാദികള്‍. കേരളത്തില്‍ ലവ് ജിഹാദ് ഇല്ലെന്ന് പറയുന്നവര്‍ വെറുതെ കണ്ണടച്ച് ഇരുട്ടാക്കുകയാണ്. അങ്ങനെ ശ്രമിക്കുന്ന രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക, മാധ്യമ പ്രവര്‍ത്തകര്‍ക്ക് അവരുടേതായ താത്പര്യങ്ങളുണ്ടാവാം.
നമ്മുടെ പെണ്‍കുട്ടികളെ നമുക്ക് നഷ്ടപ്പെടുന്നുണ്ട്. അത് പ്രണയ വിവാഹങ്ങളല്ല. യുദ്ധതന്ത്രമാണ്. രണ്ടാമത് നാര്‍ക്കോട്ടിക് ജിഹാദാണ്. ജിഹാദികള്‍ നടത്തുന്ന ഐസ്‌ക്രീം പാര്‍ലറുകള്‍, മധുര പാനീയ കടകള്‍, ഹോട്ടലുകള്‍ എന്നിവ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇവര്‍ അമുസ്ലിംകളെ നശിപ്പിക്കാനുള്ള ആയുധമായി വിവിധ മയക്കുമരുന്നുകള്‍ ഉപയോഗിക്കുന്നുവെന്നത് നമ്മുടെ സമൂഹത്തില്‍ ചര്‍ച്ചയാവുന്നുണ്ട്. ക്ലബ് ഹൗസ്, ഇന്‍സ്റ്റഗ്രാം, ഫേസ്ബുക് തുടങ്ങിയ മാധ്യമങ്ങളിലൂടെയുള്ള സൗഹൃദങ്ങളില്‍ അപകട സാധ്യത കൂടുതലുണ്ട് എന്ന് തിരിച്ചറിയണം”- പാലാ ബിഷപ്പ് പറഞ്ഞു.