പാലക്കാട്: ചാലിശ്ശേരി കുന്നത്തേരിയിൽ മയക്കുമരുന്ന് സംഘത്തിന്‍റെ ആക്രമണം. കുന്നത്തേരി സ്വദേശി ശരത്തിന്‍റെ വീട്ടിൽ കയറി ആയിരുന്നു ആക്രമണം. 20 അംഗ സംഘമാണ് വീടുകയറി ആക്രമണം നടത്തിയത്. അക്രമം നടത്തിയവർ നാട്ടുകാർ തന്നെയാണ്. ഇവർ എംഡിഎംഎ അടക്കമുള്ള ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നതിനെ ശരതും സുഹൃത്തുക്കളും വിലക്കിയിരുന്നു.
ഇതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണമെന്നാണ് കരുതുന്നത്. അക്രമം നടത്തിയ ലഹരിമരുന്ന് സംഘത്തിൽപ്പെട്ടവർ ഒളിവിലാണ്. ശരത്ത് സുഹൃത്തുക്കളായ നിമേഷ്, ജിഷ്ണു, ലമ്മീസ് എന്നിവർക്കൊപ്പം ഭക്ഷണം കഴിക്കുമ്പോൾ ആണ് സംഘം മാരകായുധങ്ങളുമായി വീട്ടിലെത്തിയത്.