റിയോ ഡി ജനീറോ: ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രസീലിലെ റിയോ ഡി ജനേറയിലെത്തി. ഗാലിയോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ പ്രധാനമന്ത്രി മോദിയെ ബ്രസീൽ സ്വീകരിച്ചു. അർജൻറീനയിൽ നിന്നാണ് മോദി ബ്രസീലിൽ എത്തിയത്. ആറ് പതിറ്റാണ്ടിനുശേഷം ബ്രസീൽ സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. ഇന്ത്യൻ സമയം വൈകിട്ട് ഏഴിനാണ് ബ്രിക്സ് അംഗരാജ്യങ്ങളുടെ ആദ്യ സെഷൻ. ആഗോള സുരക്ഷ, സമാധാനം എന്നതാണ് ഉച്ചകോടിയിലെ ആദ്യ അജണ്ട. നിലവിലെ സംഘർഷങ്ങൾ ഉച്ചകോടി ചർച്ച ചെയ്യും. ഭീകരവാദത്തെ ശക്തമായി എതിർക്കണമെന്ന് മോദി ആവശ്യപ്പെടും.
ബ്രിക്സ് ഉച്ചകോടിയിലെ പ്രഖ്യാപനത്തിൽ പഹൽഗാം ഭീകരാക്രമണവും പരാമർശിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെടും. ഭീകരതയെ ചെറുക്കാനുള്ള അവകാശം ഊന്നിപറയണം എന്നും ഇന്ത്യയുടെ നിർദ്ദേശമുണ്ട്. വൈകിട്ടും നാളെയുമായി അതിഥി രാജ്യങ്ങൾകൂടി പങ്കെടുക്കുന്ന യോഗങ്ങൾ നടക്കും. ബ്രിക്സ് സംയുക്ത പ്രസ്താവനയ്ക്ക് ഉച്ചകോടി അന്തിമരൂപം നല്കും. ഇന്നലത്തെ കൂടിക്കാഴ്ചയിൽ അർജൻറീനിയൻ പ്രസിഡൻറ് ഹാവിയർ മിലെയിയെ ഇന്ത്യ സന്ദർശിക്കാൻ മോദി ക്ഷണിച്ചു. പഹൽഗാം ആക്രമണത്തിനു ശേഷം അർജൻറീന നല്കിയ പിന്തുണയ്ക്ക് മോദി നന്ദി അറിയിച്ചു.