ഡൽഹി: വാകയാമയിൽ ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദയ്ക്കു നേരെയുണ്ടായ ആക്രമണത്തിൽ പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹം തന്റെ പ്രതികരണം അറിയിച്ചിരിക്കുന്നത്. ‘‘എന്റെ സുഹൃത്ത് ഫുമിയോ കിഷിദ പങ്കെടുത്ത ജപ്പാനിലെ വാകയാമയിലെ പൊതുയോഗത്തിലുണ്ടായ ആക്രമണത്തെക്കുറിച്ച് അറിഞ്ഞു. അദ്ദേഹം സുരക്ഷിതനാണെന്നതിൽ ആശ്വാസം. അദ്ദേഹത്തിന്റെ ആരോഗ്യം മികച്ചരീതിയിൽ തുടരട്ടെയെന്ന് പ്രാർത്ഥിക്കുന്നു.
എല്ലാത്തരത്തിലുമുള്ള ആക്രമണങ്ങളെ ഇന്ത്യ അപലപിക്കുന്നു’’ – നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. ജപ്പാനിലെ വാകയാമയിൽ തുറമുഖം സന്ദർശിക്കുമ്പോഴായിരുന്നു അപ്രതീക്ഷിത ആക്രമണം. പ്രധാനമന്ത്രിക്കു നേരെ എറിഞ്ഞ സ്ഫോടക വസ്തു പൊട്ടിത്തെറിക്കുകയായിരുന്നു. സ്‌ഫോടക വസ്തു എറിഞ്ഞുവെന്നു കരുതുന്ന ഒരാളെ വാകയാമ പോലീസ് അറസ്റ്റ് ചെയ്തു.