പത്തനംതിട്ട : രാജ്യത്തിന്‍റെ പരമാധികാരം ചോദ്യം ചെയ്ത് കുടിയേറ്റക്കാരായ ഇന്ത്യന്‍ പൗരന്മാരെ അമേരിക്കയില്‍ നിന്ന് ചങ്ങലക്കിട്ട് സൈനിക വിമാനത്തില്‍ ഇന്ത്യയിലെത്തിക്കുവാന്‍ വിനീത വിധേയരെ പോലെ പ്രവര്‍ത്തിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്രസര്‍ക്കാരും ഇന്ത്യയുടെ ആത്മാഭിമാനവും അന്തസ്സും പണയപെടുത്തിയെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. പഴകുളം മധു പറഞ്ഞു. സംഭവത്തില്‍ പ്രതിഷേധിച്ച് എ.ഐ.സി.സി ആഹ്വാനം അനുസരിച്ച് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പത്തനംതിട്ടയില്‍ നടത്തിയ പ്രതിഷേധ പ്രകടനവും യോഗവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊളംബിയ പോലെയുള്ള ചെറിയ രാജ്യങ്ങള്‍ പോലും അമേരിക്കന്‍ നടപടിയെ എതിര്‍ത്ത് സംസാരിച്ചപ്പോള്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയും വിദേശകാര്യ വകുപ്പ് മന്ത്രിയും അശക്തരായ വിനീത വിധേയന്മാരെ പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് പാര്‍ലമെന്‍റിലെ ഇത് സംബന്ധിച്ച പ്രസ്താവന തെളിയിച്ചിരിക്കുകയാണെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി പറഞ്ഞു. അമേരിക്കയോ അയല്‍ രാജ്യമായ ചൈനയോ എതിര്‍വശത്ത് വന്നാല്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ദുര്‍ബലരായി ഭയന്ന് വിറക്കുന്ന സ്ഥിതിയാണ് നിലവിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. ജവഹര്‍ലാല്‍ നെഹ്റു, ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി, മന്‍മോഹന്‍ സിംഗ് എന്നിവര്‍ പിന്തുടര്‍ന്ന ചേരിചേരാ വിദേശ നയത്തില്‍ വെള്ളം ചേര്‍ത്ത് അമേരിക്കയെപ്പോലുള്ള വന്‍ ശക്തികളെ പ്രീണിപ്പിച്ച് മേനി നടിക്കുന്ന പ്രധാനമന്ത്രിയുടെ നടപടി അപലപനീയമാണ്. സ്വന്തം പൗരന്മാരെ ചങ്ങലക്കിട്ട് നാട്ടിലെത്തിക്കുന്നതാണോ ആര്‍.എസ്.എസും സംഘപരിവാറും പറയുന്ന ദേശസ്നേഹമെന്ന് ബി.ജെ.പി വ്യക്തമാക്കണമെന്ന് അഡ്വ. പഴകുളം മധു പറഞ്ഞു.
ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ അദ്ധ്യക്ഷത വഹിച്ചു. മുന്‍ ഡി.സി.സി പ്രസിഡന്‍റ് പി. മോഹന്‍രാജ്, ഡി.സി.സി ഭാരവാഹികളായ എ. സുരേഷ് കുമാര്‍, വെട്ടൂര്‍ ജ്യോതിപ്രസാദ്, സാമുവല്‍ കിഴക്കുപുറം, കെ. ജാസിംകുട്ടി, ബിജിലി ജോസഫ്, എം.എസ്. പ്രകാശ്, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്‍റ് ജെറി മാത്യു സാം, മണ്ഡലം പ്രസിഡന്‍റുമാരായ റനീസ് മുഹമ്മദ്, ടൈറ്റസ് കാഞ്ഞിരമണ്ണില്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി നഹാസ് പത്തനംതിട്ട, രജനി പ്രദീപ്, എസ്. അഫ്സല്‍, പി.കെ. ഇക്ബാല്‍, അജിത് മണ്ണില്‍, അബ്ദുള്‍കലാം ആസാദ്, അഖില്‍ അഴൂര്‍, എ. ഫറൂഫ്, അഷറഫ് അപ്പാക്കുട്ടി, ഫിലിപ്പ് അഞ്ചാനി, വി.ജി. കൃഷ്ണദാസ്, അബ്ദുള്‍ ഷുക്കൂര്‍, ബിബിന്‍ ബേബി, അരവിന്ദ് ചന്ദ്രശേഖര്‍ എന്നിവര്‍ പ്രസംഗിച്ചു.