പത്തനംതിട്ട : രാജ്യത്തിന്റെ പ്രധാനമന്ത്രി എന്ന പദവിയോട് മാന്യത പുലർത്താൻ നരേന്ദ്ര മോദി തയ്യാറാവണമെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം അൻസാരി ഏനാത്ത് പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടയിൽ വിദ്വേഷപ്രസംഗം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കേസ് എടുക്കുക, തിരഞ്ഞെടുപ്പ് കമ്മീഷൻ സ്വതന്ത്രവും നീതിപൂർവ്വവുമാകുക എന്ന മുദ്രാവാക്യം ഉയർത്തി എസ്ഡിപിഐ പത്തനംതിട്ട ജില്ലാ കമ്മിറ്റി കോന്നി ടൗണിൽ സംഘടിപ്പിച്ച പ്രതിഷേധ റാലിയും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മോദിയുടെ മുസ്‌ലിം വിരുദ്ധ പരാമർശത്തിൽ നിരവധി പരാതികൾ ലഭിച്ചിട്ടും തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെടുക്കാതെ മൗനം തുടരുന്നത് രാജ്യത്തിന്റെ ഭാവി അപകടത്തിലേക്ക് പോകുന്നതിന്റെ പ്രകടമായ ഉദാഹരണമാണ്. 2002ൽ ഗുജറാത്ത് കലാപത്തിലൂടെ കുപ്രസിദ്ധി നേടിയ അന്നത്തെ മുഖ്യമന്ത്രി നരേന്ദ്രമോദിയിൽ നിന്നും ഇത്തരം വിദ്വേഷങ്ങൾ അല്ലാതെ മറ്റൊന്നും രാജ്യത്തെ ജനങ്ങൾ പ്രതീക്ഷിക്കുന്നില്ല. ബിജെപി അധികാരത്തിൽ വന്നതിന് ശേഷം രാജ്യത്ത് നിരവധി മുസ്‌ലിം, ക്രിസ്ത്യൻ വിരുദ്ധ കലാപങ്ങളാണ് നടന്നിട്ടുള്ളത്. ഈ രാജ്യത്ത് ആരും സുരക്ഷിതമല്ല. വിദ്വേഷ പ്രചാരണങ്ങൾ മാത്രമാണ് രാജ്യം ചർച്ച ചെയ്യുന്നത്. വിലകയറ്റം, തൊഴിലില്ലായ്‌മ, പട്ടിണി തുടങ്ങിയ ജനകീയ പ്രശ്നങ്ങൾ ഒന്നും ചർച്ചയാവുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ വൈസ് പ്രസിഡന്റ് ബിനു ജോർജ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി റിയാഷ് കുമ്മണ്ണൂർ, റാന്നി മണ്ഡലം വൈസ് പ്രസിഡന്റ് അഷ്റഫ് ആലപ്ര, കോന്നി മണ്ഡലം പ്രസിഡന്റ് നിസാം കോന്നി സംസാരിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് അഭിലാഷ് റാന്നി, ജില്ലാ ഓർഗനൈസിംഗ് സെക്രട്ടറി ഷേക്ക് നജീർ, ജില്ലാ സെക്രട്ടറി സഫിയ പന്തളം, ജില്ലാ ട്രഷറർ ഷാജി കോന്നി, അടൂർ മണ്ഡലം പ്രസിഡന്റ് ഷമീർ ഖാൻ, പന്തളം മുനിസിപ്പൽ സെക്രട്ടറി അൻസാരി, ആറന്മുള മണ്ഡലം സെക്രട്ടറി അൻസാരി പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നൽകി.