വാഷിങ്ടണ്‍: യുഎസ് ബഹിരാകാശ ഏജന്‍സിയായ നാസയുടെ ജെറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറിയിലെ ഡൈവേഴ്‌സിറ്റി, ഇക്വിറ്റി ആന്‍ഡ് ഇന്‍ക്ലൂഷന്‍ (ഡിഇഐ) മേധാവിയും ഇന്ത്യന്‍ വംശജയുമായ നീല രാജേന്ദ്രയെ പിരിച്ചുവിട്ടു. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പിരിച്ചുവിടാനുള്ള ഉത്തരവിനെ തുടര്‍ന്നാണ് നടപടി. ഇത്തരം സംരംഭങ്ങളില്‍ ജോലി ചെയ്യുന്ന എല്ലാ ജീവനക്കാരേയും പിരിച്ചുവിടാനും രാജ്യത്തുടന്നീളം ഇത്തരത്തിലുള്ള സംരംഭങ്ങള്‍ നിര്‍ത്തലാക്കാനും ട്രംപ് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. ട്രംപിന്റെ ഉത്തരവിനെ തുടര്‍ന്ന് ‘ഹെഡ് ഓഫ് ഓഫീസ് ഓഫ് ടീം എക്‌സലന്‍സ് ആന്‍ഡ് എംപ്ലോയീസ് സക്‌സസ്’ പദവിയിലേക്ക് നീല രാജേന്ദ്രയെ നാസ നിയമിച്ചിരുന്നു.
എന്നാൽ നീല രാജേന്ദ്രയെ സംരക്ഷിക്കാനുള്ള നാസയുടെ ശ്രമം പരാജയപ്പെട്ടു. നീല രാജേന്ദ്രയുടെ പിരിച്ചുവിടലുമായി ബന്ധപ്പെട്ട് ജെറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറിയിലെ ജീവനക്കാര്‍ക്ക് കഴിഞ്ഞയാഴ്ച ഇ-മെയില്‍ സന്ദേശം ലഭിച്ചിരുന്നു. ജെറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറിയില്‍ നീല രാജേന്ദ്രന്റെ തുടര്‍സേവനം ഉണ്ടാകില്ലെന്നും സ്ഥാപനത്തിനുവേണ്ടി അവര്‍ നല്‍കിയ സേവനങ്ങള്‍ക്ക് കടപ്പാടറിയിക്കുന്നുവെന്നുമായിരുന്നു ഇ-മെയില്‍ സന്ദേശത്തിലുണ്ടായിരുന്നത്. സന്ദേശമയച്ചത് ജെറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറിയുടെ ഡയറക്ടര്‍ ലോറി ലെഷിനാണെന്ന് ഡെയ്‌ലി മെയിലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ജെറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറി കഴിഞ്ഞ കൊല്ലം 900ത്തോളം ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു.
അന്ന് പിരിച്ചുവിടലില്‍ നേരിടേണ്ടി വരാത്ത കുറച്ചുജീവനക്കാരിലൊരാളാണ് നീല രാജേന്ദ്രന്‍. നാസയുടെ ഡൈവേഴ്‌സിറ്റി വകുപ്പ് അടച്ചുപൂട്ടാന്‍ മാര്‍ച്ചില്‍ ട്രംപ് ഉത്തരവിറക്കിയിരുന്നു. തുടര്‍ന്നായിരുന്നു നീല രാജേന്ദ്രന്റെ പദവിമാറ്റം. എന്നാല്‍ അവരുടെ ചുമതലകള്‍ക്ക് മാറ്റമുണ്ടായിരുന്നില്ല. വാസ്തവത്തില്‍ നീല രാജേന്ദ്രനെ സംരക്ഷിക്കുന്നതിനായി നാസ പുതിയൊരു വകുപ്പ് സൃഷ്ടിക്കുകയായിരുന്നു. അനവധി വര്‍ഷങ്ങളായി നീല രാജേന്ദ്ര നാസയുടെ മോധാവിത്വപദവിയില്‍ തുടരുകയായിരുന്നു. സ്ത്രീകളേയും ന്യൂനപക്ഷങ്ങളേയും കൂടുതലായി നാസയുടെ തൊഴില്‍ സംഘത്തിലേക്ക് എത്തിക്കാനുള്ള സ്‌പേസ് വര്‍ക്ക്‌ഫോഴ്‌സ് 2030 തുടങ്ങി വിവിധ പദ്ധതികളുടെ മേല്‍നോട്ടം നീല രാജേന്ദ്രയ്ക്കായിരുന്നു. ഏപ്രിലില്‍ ട്രംപിന്റെ കര്‍ശന ഉത്തരവ് വന്നതോടെ നീല രാജേന്ദ്രയ്ക്ക് സ്ഥാനമൊഴിയേണ്ടി വന്നു.