കോന്നി :കോന്നി താലൂക്ക് ആശുപത്രിയിൽ കൊവിഡ് ആർ റ്റി പി സി ആർ പരിശോധനയ്ക്കിടയിൽ പരിശോധനയ്ക്ക് ഉപയോഗിക്കുന്ന നേസൽ സ്വാബ് ഒടിഞ്ഞ് വിദ്യാർത്ഥിയുടെ മൂക്കിൽ കയറിയ സംഭവത്തിൽ കുടുംബം പത്തനംതിട്ട ജില്ലാ കളക്ടർക്ക് പരാതി സമർപ്പിച്ചു.
മേയ് പതിനാലാം തീയതി രാവിലെ പതിനൊന്നരയോടെയാണ് കോന്നി മങ്ങാരം കല്ലുവിളയിൽ വീട്ടിൽ മനോജ്, മകൻ ജിഷ്ണു, മകൾ ജിത എന്നിവർ കോന്നി താലൂക്ക് ആശുപത്രിയിൽ ആർ ടി പി സി ആർ പരിശോധനയ്ക്കായി പോയത്. ഇദ്ദേഹത്തിന്റെ ഭാര്യയും മുമ്പ് കൊവിഡ് പരിശോധനയക്ക് വിധേയയായിരുന്നു. പതിനാറാം തീയതി ഇവരുടെ പരിശോധന ഫലം പോസിറ്റീവായിരുന്നു എന്ന് ആരോഗ്യ വകുപ്പിൽ നിന്നും അറിയിപ്പ് ലഭിച്ചിരുന്നു. തുടർന്ന് ഇവർ ക്വാറന്റൈനിൽ കഴിയുന്നതിനിടയിൽ മനോജിന്റെ മകൻ കോന്നി ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയായ ജിഷ്ണു മനോജിന് അസഹ്യമായ തുമ്മലും വേദനയും അനുഭവപ്പെട്ടിരുന്നു.
തുമ്മൽ സഹിക്കവയ്യാതെ ഇവർ കോന്നി താലൂക്ക് ആശുപത്രിയിലെ ഡോക്ടറെ വിവരം ധരിപ്പിച്ചു എങ്കിലും പോസിറ്റീവ് ആയതിനാലാകാം ഇത്തരത്തിൽ തുമ്മൽ വന്നത് എന്നായിരുന്നു ഡോക്ടറുടെ നിഗമനം. എന്നാൽ തുമ്മുന്നതിനിടയിൽ മുക്കിനുള്ളിൽ നിന്ന് സ്വാബിന്റെ അഗ്രഭാഗം തെറിച്ച് മാസ്കിനുള്ളിൽ വീഴുകയും ഇത് ശ്രദ്ധയിൽ പെട്ടയുടൻ കോന്നി താലൂക്ക് ആശുപത്രി അധികൃതരെ വിവരം ധരിപ്പിക്കുകയായിരുന്നു. എന്നാൽ സംഭവത്തിന് ശേഷം ആശുപത്രി അധികൃതർ സംഭവത്തെക്കുറിച്ച് അന്വേഷിച്ചിട്ടില്ലന്നും കൃത്യ വിലോപം നടത്തിയവർക്കെതിരെ നടപടി സ്വീകരിച്ചിട്ടില്ലെന്നും കുടുംബം ആരോപിക്കുന്നു. വിഷയത്തിൽ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം പത്തനംതിട്ട ജില്ലാ കളക്ടർക്ക് പരാതി സമർപ്പിച്ചിട്ടുണ്ട്.