കൊച്ചി : അമ്മ തെരഞ്ഞെടുപ്പിന് പിന്നാലെ നടൻ സിദ്ധീഖിനെതിരെ വിമർശനവുമായി നടൻ നാസർ ലത്തീഫ്. ഇല്ലാത്ത ഭൂമി നൽകാമെന്ന് പറഞ്ഞ് താരസംഘടനയെ താൻ കബളിപ്പിച്ചിട്ടില്ലെന്ന് നാസർ ലത്തീഫ് കൊച്ചിയിൽ പറഞ്ഞു. തൻ്റെ ഉടമസ്ഥതയിൽ ആലപ്പുഴയിലെ ഏഴുപുന്നയിലുള്ള 20 സെന്റ് സ്ഥലം സംഘടനയ്ക്ക് വിട്ടു നൽകാമെന്ന് നേരത്തെ അറിയിച്ചിരുന്നു. എന്നാൽ ഈ സ്ഥലമേറ്റെടുക്കാൻ അമ്മ തയ്യാറായില്ല.
വസ്തുത ഇതാണ് എന്നിരിക്കെ എന്ത് അടിസ്ഥാനത്തിലാണ് സിദ്ധീഖ് ഇങ്ങനെയൊരു പരാമർശം നടത്തിയത് എന്നറിയില്ല. എനിക്കെതിരായ പരാമർശം പിൻവലിക്കാൻ സിദ്ധീഖ് തയ്യാറാവണം. ഇങ്ങനെയൊരു പ്രസ്താവനയിലൂടെ തന്നെ പൊതുജന മധ്യത്തിൽ അപമാനിക്കുകയാണ് സിദ്ധീഖ് ചെയ്തത്. വിഷയത്തിൽ അമ്മ അധ്യക്ഷനായ മോഹൻലാലിന് പരാതി നൽകുമെന്നും നടപടിയുണ്ടായില്ലെങ്കിൽ നിയമപരമായി നീങ്ങുമെന്നും നാസർ ലത്തീഫ് പറഞ്ഞു. അമ്മ തെരഞ്ഞെടുപ്പിൽ പാനലിനെതിരെ മത്സരം പാടില്ലെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി.
രണ്ട് ദിവസം മുൻപ് അമ്മ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഔദ്യോഗിക പാനലിലെ സ്ഥാനാർത്ഥികൾക്ക് വോട്ട് തേടിയാണ് നടൻ സിദ്ധിഖ് ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. പോസ്റ്റിന്റെ അവസാന ഭാഗത്തെ വരികൾ ഇങ്ങനെയാണ്. ”ആരെ തെരഞ്ഞെടുക്കണമെന്ന് അംഗങ്ങൾക്ക് തീരുമാനിക്കാം. അമ്മ ഉണ്ടാക്കിയത് താനാണെന്ന് അവകാശം മുഴക്കിയവരല്ല ഇവരാരും. അമ്മയുടെ ആസ്ഥാന മന്ദിരത്തിന്റെ അടിയത്തറ ഇളക്കുമെന്നും ഇവരാരും വീരവാദം മുഴക്കിയിട്ടില്ല. അമ്മയുടെ തലപ്പത്തിരിക്കാൻ ഏറ്റവും അനുയോജ്യനായ വ്യക്തി താനാണെന്ന് വിശ്വസിച്ച് അതിനുവേണ്ടി മത്സരിക്കാൻ നൽകിയ നോമിനേഷനിൽ പേരെഴുതി ഒപ്പിടാൻ അറിയാത്തവരുമല്ല. ഇല്ലാത്ത ഭൂമി അമ്മയ്ക്കു നൽകാം എന്ന് വാദ്ഗാനം നൽകി അമ്മയെ കബളിപ്പിച്ചവരുമല്ല…”
സിദ്ധീഖ് ഫേസ്ബുക്കിലിട്ട പോസ്റ്റിനെതിരെ വിമർശനവുമായി നേരത്തെ മണിയൻ പിള്ളരാജുവും ഷമ്മി തിലകനും രംഗത്ത് എത്തിയിരുന്നു
മണിയൻപിള്ള രാജുവിൻ്റെ വാക്കുകൾ –
എതിർ സ്ഥാനാർത്ഥികൾക്കെതിരെ സിദ്ദീഖ് പോസ്റ്റിട്ടത് ശരിയായ നടപടിയല്ല. ഇതിൽ ശക്തമായ പ്രതിഷേധമുണ്ട്. വളരെ മോശമായ കാര്യമാണ് സിദ്ദീഖ് ചെയ്തത്. മത്സരം നടക്കുന്നത് സംഘടനയിൽ ഉണർവുണ്ടാക്കിയിട്ടുണ്ട്. നീണ്ട കാലത്തിന് ശേഷമാണ് അമ്മയിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഷൂട്ടിംഗ് ലൊക്കേഷനിൽ തമ്മിൽ കണ്ടാൽ മിണ്ടാത്തവർ പോലും ഇപ്പോൾ വിളിച്ചു വോട്ട് ചോദിക്കുന്ന നിലയായി. ആരെയും താഴ്ത്തിക്കെട്ടി ഞാൻ വോട്ടു ചോദിച്ചിട്ടില്ല. ഞാൻ മത്സരിക്കുന്നുണ്ട്.
ഷമ്മി തിലകൻ്റെ പ്രതികരണം –
സിദ്ദിഖ് സമൂഹമാധ്യമങ്ങളിൽ നടത്തിയ പരാമർശം എന്നെ ഉദ്ദേശിച്ചാണ്. സിദ്ദിഖ് ഇങ്ങനെ പറഞ്ഞത് അദ്ദേഹത്തിന്റെ കുറ്റബോധം കൊണ്ടാണ്. പീഡനപരാതിയോ മീ ടൂ ആരോപണമോ അമ്മയുടെ ഫണ്ട് വെട്ടിച്ചതോ അങ്ങനെ ഒരു ആരോപണവും എനിക്കെതിരെ ഇല്ല. അപ്പോൾ സംഘടനയുടെ തലപ്പത്തിരിക്കാൻ എനിക്ക് യോഗ്യതയുണ്ട്. അമ്മ എക്കാലത്തും ഒരുപക്ഷത്തിന്റെ മാത്രം സംഘടനയാണ്. ഇങ്ങനെയൊരു പരാമർശം നടത്തിയതിലൂടെ സ്വന്തം ധാർമികതയാണ് അദ്ദേഹം കാണിച്ചത്. ഒപ്പ് ഇല്ലാതെ നോമിനേഷൻ തള്ളിയ വ്യക്തി ഞാൻ മാത്രമാണ്. അതുകൊണ്ട് പരാമർശം തന്നെ കുറിച്ചാണെന്ന് എല്ലാവർക്കും മനസ്സിലാകും.
ആരോപണ പ്രത്യാരോപണങ്ങളും പരസ്യപോര്‍വിളികളുമൊക്കെ നിറഞ്ഞ വാശിയേറിയ തെരഞ്ഞെടുപ്പായിരുന്നു ഇത്തവണ അമ്മയിലുണ്ടായത്. ഔദ്യോഗിക പാനലിനെ പിന്തണയ്ക്കുന്ന പതിവ് തെറ്റിച്ച് പ്രമുഖര്‍ മത്സരരംഗത്തെത്തിയതാണ് ഇക്കുറി ചിത്രം മാറാൻ കാരണം. ഇതില്‍ മണിയന്‍പിള്ള രാജു വൈസ് പ്രസിഡന്‍റായും ലാലും വിജയ് ബാബും നിര്‍വാഹക സമിതി അംഗങ്ങളായും തെരഞ്ഞെടുക്കപ്പെട്ടു. ഔദ്യോഗിക പാനലിനെതിരെ മല്‍സരിച്ച നാസര്‍ ലത്തീഫ് മാത്രമാണ് തോറ്റത്.
മത്സരത്തിലൂടെ ശ്വേതാ മേനോന്‍ വൈസ് പ്രസിഡന്‍റായി. പ്രസിഡൻ്റായി മോഹന്‍ലാലും ജനറല്‍ സെക്രട്ടറിയായി ഇടവേള ബാബുവും ട്രഷററായി സിദ്ധിഖും ജോയിന്‍റ് സെക്രട്ടറിയായി ജയസൂര്യയും നേരത്തെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ബാബുരാജ്, ലാല്‍, ലെന, മഞ്ജുപിള്ള, രചന നാരായണന്‍കുട്ടി, സുധീര്‍ കരമന, സുരഭി കൃഷ്ണ, ടിനിടോം, ടോവിനോ തോമസ്, ഉണ്ണി മുകുന്ദന്‍, വിജയ് ബാബു എന്നിവരാണ് നിര്‍വാഹക സമിതി അംഗങ്ങള്‍.