റാന്നി : ഗുരുതരമായ കരൾ രോഗം ബാധിച്ച് അതീവ ഗുരുതര സ്ഥിതിയിൽ എറണാകുളം അമൃത മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിയുന്ന വെച്ചൂച്ചിറ കൊട്ടുപ്പള്ളിൽ മനോജിന്റെ ചികിത്സക്കായി നാടൊന്നിച്ച് കൈകോര്‍ക്കും. കരൾ മാറ്റി വെയ്ക്കൽ ശസ്ത്ര ക്രിയക്കും അനുബന്ധ ചികിത്സക്കുമാവശ്യമായ തുക സമാഹരിക്കുന്നതിന് വെച്ചൂച്ചിറ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ രൂപീകരിച്ച ചികിത്സാ സഹായ സമിതി പഞ്ചായത്തിലെ മുഴുവൻ ഭവനങ്ങളും സന്ദർശിച്ചു തുക ശേഖരിക്കും. വെച്ചൂച്ചിറ പഞ്ചായത്തിലെ എല്ലാ വാർഡുകളിലും ഗ്രാമ പഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തിൽ ഇതിനായി സന്നദ്ധ പ്രവർത്തകരുടെ പ്രത്യേകം സ്ക്വാഡുകൾ രൂപീകരിച്ചു.
മനോജിന്റെ കരൾ മാറ്റി വെയ്ക്കൽ ശസ്ത്രക്രിയയ്ക്കാവശ്യമായ ധന സമാഹരണത്തിനുമായി ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ മനോജ് ചികിത്സാ സഹായ സമിതിക്ക് രൂപം നൽകി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി കെ ജെയിംസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ സതീഷ് പണിക്കർ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പൊന്നമ്മ ചാക്കോ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ഇ.വി വർക്കി, എസ് രമാദേവി, സജി കൊട്ടാരം, രാജി വിജയകുമാർ, ഷാജി കൈപ്പുഴ, സി ഡി എസ് ചെയർ പേഴ്സൻ ഷീബ ജോൺസൺ, സാബു പുല്ലാട്ട്, ഡോ. മനു വർഗീസ്, എൻ. ജി. പ്രസന്നൻ, ടി. കെ. ബാബു എന്നിവർ പ്രസംഗിച്ചു.