മലപ്പുറം : കെ.പി.സി.സി സമരാഗ്നി വേദിയിലെ ദേശീയഗാന വിവാദത്തിൽ നേതാക്കൾക്കെതിരെ വിമർശനവുമായി യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഹാരിസ് മൂതൂർ. സ്റ്റേജും മൈക്കുമൊന്നും പുതിയ കാലഘട്ടത്തിലെ രാഷ്ട്രീയത്തിൽ പൊതുജനം വലിയ സംഭവമായി കാണുന്നില്ലെന്ന തിരിച്ചറിവ് നേതൃത്വത്തിന് അനിവാര്യമാണ്. സമൂഹ മാധ്യമങ്ങൾ അരങ്ങുവാഴുന്ന പുതുരാഷ്ട്രീയാന്തരീക്ഷത്തിൽ ജാഗ്രതക്കുറവിന് വലിയ വിലയാണ് നൽകേണ്ടിവരുന്നതെന്നും ഹാരിസ് മുതൂർ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
സമരാഗ്നി സമാപനവേദിയിൽ തിരുവനന്തപുരം ഡി.സി.സി പ്രസിഡന്റ് പാലോട് രവിയാണ് ദേശീയഗാനം തെറ്റായി ആലപിച്ചത്. ഉടൻ കെ.പി.സി.സി വൈസ് പ്രസിഡന്റ് ടി. സിദ്ദീഖ് ഇടപെട്ട് അദ്ദേഹത്തെ മാറ്റുകയായിരുന്നു. തുടർന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറിയായ ആലിപ്പറ്റ ജമീലയാണ് ദേശീയഗാനം ആലപിച്ചത്.