കൊൽക്കത്ത: കൊൽക്കത്ത പീഡനക്കേസിൽ പോലീസിനെതിരെ ദേശീയ വനിത കമ്മീഷൻ. കമ്മീഷൻ്റെ അന്വേഷണത്തോട് പോലീസ് സഹകരിക്കുന്നില്ലെന്ന് ദേശീയ വനിത കമ്മീഷൻ ആരോപണം. സംഭവം നടന്നയിടം സന്ദർശിക്കാൻ അനുവദിക്കുന്നില്ല. ഇരയുടെ കുടുംബത്തെ കാണുന്നതിൽ നിന്നും വിലക്കുന്നു. അന്വേഷണ വിവരങ്ങൾ കൈമാറുന്നില്ലെന്നും വനിത കമ്മീഷൻ അംഗം ഡോ. അർച്ചന മജുംദാർ ആരോപിക്കുന്നത്. സംഭവത്തിൽ സംസ്ഥാന വ്യാപകമായി പ്രചാരണം തുടങ്ങിയിരിക്കുകയാണ് ബിജെപി. സംസ്ഥാന വ്യാപകമായി ബിജെപി കന്യ സുരക്ഷ യാത്രകൾ സംഘടിപ്പിക്കുകയാണ്. വിഷയത്തിൽ വിവാദ പരാമർശം നടത്തിയ നേതാക്കളെ തൃണമൂൽ തള്ളി. നേതാക്കളുടേത് വ്യക്തിപരമായ അഭിപ്രായമാണെന്നും ഇരയെ അപമാനിക്കുന്ന നിലപാടുകൾക്കൊപ്പം പാർട്ടിയില്ലെന്ന് തൃണമൂൽ കോൺഗ്രസ് വ്യക്തമാക്കി.
കൊൽക്കത്തയിൽ ലോ കോളേജിനകത്ത് നിയമ വിദ്യാർത്ഥിനി കൂട്ട ബലാത്സംഗത്തിനിരയായ സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിലായിട്ടുണ്ട്. കോളേജിലെ രണ്ട് വിദ്യാർത്ഥികളും ഒരു പൂർവ്വ വിദ്യാർത്ഥിയുമാണ് അറസ്റ്റിലായത്. പിടിയിലായവരിൽ ഒരാൾ തൃണമൂൽ കോൺഗ്രസിന്റെ വിദ്യാർത്ഥി സംഘടനയുടെ മുൻ നേതാവാണ്. സൗത്ത് കൊൽക്കത്തയിലെ സർക്കാർ ലോ കോളേജിലെ വിദ്യാർത്ഥിയാണ് കോളേജിനകത്ത് കൂട്ട ബലാൽസംഗത്തിനിരയായത്. ജൂൺ 25 ന് കോളജിലെത്തിയ വിദ്യാർത്ഥിയെ സുരക്ഷാ ഉദ്യോഗസ്ഥന്റെ മുറിയിൽ വച്ചാണ് മൂന്ന് പ്രതികളും ക്രൂര പീഡനത്തിനിരയാക്കിയത്. ഉപദ്രവിക്കരുതെന്ന് കാല് പിടിച്ചു അപേക്ഷിച്ചിട്ടും പ്രതികൾ പത്ത് മണിവരെ പീഡനം തുടർന്നുവെന്നും എഫ്ഐആറിലുണ്ട്. യുവതിയുടെ പരാതിയിലാണ് കൊൽക്കത്ത പോലീസ് കേസെടുത്തത്. കോളേജിലെ പൂർവ വിദ്യാർത്ഥിയായ മനോജിത് മിശ്ര, നിലവിൽ കോളേജിൽ പഠിക്കുന്ന 19 കാരൻ സയ്ബ് അഹമ്മദ്, പ്രമിത് മുഖോപാധ്യായ് (20) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.