കോന്നി: ഇന്ത്യ ഗവണ്മെന്റ് പ്ലാനിങ് കമ്മീഷന്റെ കീഴിലുള്ള ന്യൂഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന നാഷണൽ ഡെവലപ്പ്മെന്റ് ഏജൻസിയുടെ സെൻട്രൽ ഭാരത് സേവക് സമാജ് ഏർപ്പെടുത്തിയ ദേശീയ പുരസ്കാരം സാവിറോ എജുക്കേഷൻസ് ഡയക്ടർ കോന്നി സ്വദേശി സജു ചാക്കോയ്ക്ക് ലഭിച്ചു. വർഷങ്ങളായി വിദ്യഭ്യാസ മേഖലയിൽ പ്രവർത്തിക്കുകയും ജീവകാരുണ്യ പ്രവർത്തനങ്ങളിലും മാനസിക ശാരീരിക പ്രയാസം അനുഭവിക്കുന്ന കുട്ടികൾക്ക് ഇടയിൽ പ്രവർത്തിക്കുകയും അവരുടെ ഉന്നമനത്തിന് നൽകുന്ന കൈതാങ്ങലുകളും സഹായങ്ങളം പരിഗണിച്ചാണ് അവാർഡ് ലഭിച്ചത്.
രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്റു 1952 ൽ ഇന്ത്യാ ഗവൺമെന്റിന്റെ ആസൂത്രണ കമ്മീഷന്റെ കീഴിൽ സ്ഥാപിച്ച ദേശീയ വികസന ഏജൻസിയാണ് ഭാരതീയ സേവക് സമാജ്. രാജ്യത്ത് വിവിധ മേഖലകളിൽ മികവ് തെളിയിച്ചവർക്കുള്ള പുരസ്കാരമാണിത്. കേരളത്തിൽ തിരുവനന്തപുരം കവടിയാറുള്ള ബിഎസ്എസ് ആസ്ഥാനത്തെ സദ്ഭാവന ഓഡിറ്റോറിയത്തിൽ സമാജ് ദേശീയ ചെയർമാൻ ബി.എസ് ബാലചന്ദ്രൻ പുരസ്കാരം സമ്മാനിച്ചു. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവർക്കും ദേശീയ പുരസ്കാരം സമ്മാനിച്ചു.