പത്തനംതിട്ട : പോപ്പുലര്‍ ഫൈനാന്‍സ് തട്ടിപ്പിനു പിന്നാലെ ഈ കുടുംബത്തിന്റെ മുന്‍കാല ചരിത്രങ്ങള്‍ കൂടുതല്‍ പുറത്തുവരുന്നു. പോപ്പുലര്‍ ഫൈനാന്‍സ് സ്ഥാപകന്‍ വകയാര്‍ ഇണ്ടിക്കാട്ടില്‍ ദാനിയേലിന്റെ സഹോദരീ പുത്രനും ഒരു ധനകാര്യസ്ഥാപനം പൊട്ടിച്ചതാണ്. വകയാര്‍ കൊച്ചുമാങ്ങാട്ടുമണ്ണില്‍ ജയിംസ് എബ്രഹാം എന്ന ഇയാള്‍ ഇപ്പോള്‍ തമിഴ് നാട്ടില്‍ രാജകീയമായി ജീവിക്കുന്നുണ്ടെന്നാണ് വിവരം. ലക്ഷങ്ങള്‍ നഷ്ടപ്പെട്ട നിക്ഷേപകര്‍ ഇപ്പോഴും എന്തുചെയ്യണമെന്നറിയാതെ അലയുകയാണ്.
പോപ്പുലര്‍ ഫൈനാന്‍സിയേഴ്സിലെ ജീവനക്കാരനായിരുന്നു ജയിംസ്. അവിടെനിന്ന് തട്ടിപ്പിന്റെ എല്ലാ ബാലപാഠങ്ങളും പഠിച്ചു. തുടര്‍ന്ന് പോപ്പുലറിന്റെ സഹോദര സ്ഥാപനം എന്ന് പ്രചരിപ്പിച്ചാണ് നാഷണല്‍ ഫൈനാന്‍സ് ആന്റ് ചിട്ട്സ് തുടങ്ങിയത്. ഓമല്ലൂരില്‍ ആയിരുന്നു കേന്ദ്ര ഓഫീസ്, വകയാറില്‍ ഉള്‍പ്പെടെ നാലോളം ബ്രാഞ്ചുകളും ഉണ്ടായിരുന്നു. 2008 ജൂണ്‍ 30 ന് പത്തു ലക്ഷം രൂപ ഈ ഫിനാന്‍സില്‍ നിക്ഷേപിച്ച എരുമേലി – കനകപ്പലം പീടികപറമ്പില്‍ ബേബിക്കുട്ടി ശാമുവേലിന് ഇപ്പോഴും പത്തുപൈസ കിട്ടിയിട്ടില്ല. വസ്തു വിറ്റ് കിട്ടിയ പണമായിരുന്നു ഇത്. ഒരു വര്‍ഷ കാലത്തേക്കാണ് പണം നിക്ഷേപിച്ചത്. 2009 ജൂണ്‍ 30 മുതലും പലിശയും ഉള്‍പ്പെടെ തിരികെ നല്‍കുമെന്ന് പറഞ്ഞെങ്കിലും അതിനുമുമ്പ് ബാങ്ക് പൊട്ടിച്ചു. വൈദികര്‍ ഉള്‍പ്പെടെ നിരവധിയാളുകള്‍ ഇവിടെ പണം നിക്ഷേപിച്ചിരുന്നു. വയോധികയായ ബേബിക്കുട്ടി ശാമുവേലിന് കേസും കോടതിയുമായി നടക്കുവാന്‍ ആരോഗ്യം അനുവദിക്കാത്തതിനാല്‍ നിക്ഷേപത്തിന്റെ അവകാശിയായ മകന്‍ ബോബി സാമുവേല്‍ ആണ് ഇപ്പോള്‍ കേസുകള്‍ നടത്തുന്നത്. വകയാറിലെ വീടും വസ്തുവും അറ്റാച്ച് ചെയ്തിട്ടുണ്ടെങ്കിലും ഇതുകൊണ്ട് ഒരു നീക്കുപോക്കും ഉണ്ടായിട്ടില്ല.