ന്യൂഡൽഹി: 28ന് ഉത്തരാഖണ്ഡിൽ ആരംഭിക്കുന്ന ദേശീയ ഗെയിംസിൽ കളരിപ്പയറ്റിനെ മത്സരയിനമാക്കി ഉൾപ്പെടുത്താൻ ഡൽഹി ഹൈക്കോടതി ഉത്തരവിട്ടു. കളരിപ്പയറ്റിനെ മത്സരയിനങ്ങളിൽനിന്ന് ഒഴിവാക്കി പ്രദർശനയിനമാക്കിയ ഇന്ത്യൻ ഒളിംപിക് അസോസിയേഷന്റെ നടപടി റദ്ദാക്കിയാണ് കോടതി വിധി വന്നിരിക്കുന്നത്. ഹരിയാനയിലെ ഫരീദാബാദിൽനിന്നുള്ള മത്സരാർഥി ഹർഷിത യാദവിന്റെ ഹർജിയിലാണ് നടപടി. കളരിപ്പയറ്റിനെ മത്സരയിനമാക്കി ഉൾപ്പെടുത്തിയ ശേഷം ഒരാഴ്ചയ്ക്കുള്ളിൽ തന്നെ പുതുക്കിയ മത്സരക്രമം പുറത്തിറക്കണമെന്ന് ഇന്ത്യൻ ഒളിംപിക് അസോസിയേഷനും ഉത്തരാഖണ്ഡ് സർക്കാരിനും ഹൈക്കോടതി നിർദേശം നൽകി. 2015ൽ കേരളം ആതിഥ്യം വഹിച്ച 35–ാമത് ദേശീയ ഗെയിംസിലാണ് കളരിപ്പയറ്റ് ആദ്യമായി അവതരിപ്പിക്കപ്പെടുന്നത്. അന്ന് പ്രദർശനയിനമായിരുന്നു കളരിപ്പയറ്റ്. പിന്നീട് 2023 ൽ ഗോവയിൽ നടന്ന ഗെയിംസിൽ മത്സരയിനമായി. എന്നാൽ, ഇക്കുറി പ്രദർശന ഇനങ്ങളുടെ നിരയിലേക്കു മാറ്റുകയായിരുന്നു. കളരിപ്പയറ്റ് മത്സരങ്ങൾ 28 മുതൽ ഹരിദ്വാറിലാണു നടക്കുക.
കളരിപ്പയറ്റ് മത്സര ഇനമാക്കാൻ ഡൽഹി ഹൈക്കോടതി ഉത്തരവിട്ടതോടെ സ്വർണ പ്രതീക്ഷകളുമായാണ് കേരളം ദേശീയ ഗെയിംസിൽ മത്സരിക്കാനിറങ്ങുന്നത്. കഴിഞ്ഞ ദേശീയ ഗെയിംസിൽ 19 സ്വർണമടക്കം 22 മെഡലുകളാണു കേരളം കളരിപ്പയറ്റിൽ നിന്ന് നേടിയത്. കളരിപ്പയറ്റ് മത്സരത്തിനുള്ള തയാറെടുപ്പുകളെല്ലാം സംസ്ഥാനം നേരത്തേ തന്നെ പൂർത്തിയാക്കിയതായി കേരള കളരിപ്പയറ്റ് അസോസിയേഷൻ സെക്രട്ടറി ജി. രാധാകൃഷ്ണൻ പറഞ്ഞു. മത്സരിക്കുന്ന 23 താരങ്ങളുടെ പട്ടിക ദേശീയ ഗെയിംസ് സംഘാടക സമിതിക്ക് നേരത്തേ നൽകിയിട്ടുണ്ട്.