ചെന്നൈ : വയനാട് മുട്ടിൽ മരംമുറിക്കേസിൽ ദേശീയ ഹരിത ട്രിബ്യൂണലിന്റെ നിർണായക ഇടപെടൽ. മരംമുറിയിൽ ഹരിത ട്രിബ്യൂണൽ സ്വമേധയാ കേസെടുത്തു. ആഗസ്ത് 31 നകം വിഷയത്തിൽ ട്രിബ്യൂണലിൽ വിശദീകരണം നൽകാൻ ചീഫ് സെക്രട്ടറിയോടും ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിമാരോടും ജില്ലാകളക്ടർമാരോടും ആവശ്യപ്പെട്ടിട്ടുമുണ്ട്.
സർക്കാർ ഉത്തരവിന്റെ മറവിൽ നടന്ന മരം കൊള്ളയിലൂടെ പരിസ്ഥിതിക്ക് വന്ന ദോഷത്തെക്കുറിച്ച് ആരാഞ്ഞിരിക്കുകയാണ് ദേശീയ ഹരിത ട്രിബ്യൂണൽ. എത്ര മരം മുറിച്ചു, എവിടെനിന്നെല്ലാം മുറിച്ചു, ഇതുകൊണ്ടുണ്ടായ പാരിസ്ഥിതികാഘാതം, വനംവകുപ്പിനുണ്ടായ നഷ്ടം, നഷ്ടം തിരിച്ചു പിടിക്കാൻ സ്വീകരിച്ച നടപടികൾ എന്നിവയെക്കുറിച്ച് ചീഫ് സെക്രട്ടറിയും വനം, റവന്യു വകുപ്പ് സെക്രട്ടറിമാരും വനം വകുപ്പ് പ്രിൻസിപ്പൽ ചീഫ് കൺസർവേറ്ററും പ്രത്യേകം മറുപടികൾ സമർപ്പിക്കണം.
വയനാട്, പാലക്കാട്, എറണാകുളം, തൃശ്ശൂർ, ഇടുക്കി ജില്ലാ കളക്ടർമാരും മറുപടി നൽകണം. ആഗസ്ത് 31ന് ആണ് കേസ് വീണ്ടും പരിഗണിക്കുക. മുട്ടിലും കേരളത്തിലെ മറ്റ് ചില ജില്ലകളിലും സർക്കാർ ഉത്തരവിന്റെ മറവിൽ നടന്ന മരം കൊള്ളയെക്കുറിച്ചുള്ള മാധ്യമ വാർത്തകളെ അടിസ്ഥാനമാക്കിയാണ് ദേശീയ ഹരിത ട്രിബ്യൂണൽ കേസ് രജിസ്റ്റർ ചെയ്തത്. ട്രിബ്യൂണല്‍ സൗത്ത് സോണിലെ ജസ്റ്റിസ് കെ.രാമകൃഷ്ണൻ കേസ് പരിഗണിച്ചു.
പ്രത്യക്ഷത്തിൽ നോക്കുമ്പോൾ പരിസ്ഥിതിക്ക് കോട്ടം തട്ടിയതായി ട്രിബ്യൂണൽ വിലയിരുത്തി. സംസ്ഥാന സർക്കാർ പ്രതിനിധികളുടെ മറുപടിയ്ക്ക് ശേഷം ട്രിബ്യൂണൽ പ്രത്യേക സമിതിയുണ്ടാക്കി പരിശോധന നടത്താനുള്ള സാധ്യതയാണ് നിലവിലുള്ളത്.