തിരുവനന്തപുരം: കല്ലിന്റെയും മണ്ണിന്റെയും ക്ഷാമം, കൂടുതൽ അടിപ്പാതകൾക്ക് സമ്മർദം ഉൾപ്പെടെ വിവിധ പ്രശ്നങ്ങൾ ദേശീയപാത 66 നിർമാണത്തെ ബാധിക്കുന്നു. 2025-ൽ ഉദ്ഘാടനം നടത്താൻ നിശ്ചയിച്ചിരിക്കുന്ന റോഡിലെ പല റീച്ചുകളിലും നിർമാണം 30 ശതമാനമായതേയുള്ളൂ. എറണാകുളം മുതൽ തിരുവനന്തപുരംവരെയുള്ള വികസനത്തിനാണ് കൂടുതൽ പ്രതിസന്ധി. വിവിധ കാരണങ്ങൾ ചൂണ്ടിക്കാട്ടി കരാർ കമ്പനികൾ സമ്മർദംചെലുത്തി കാലാവധി നീട്ടുകയാണിപ്പോൾ.
തമിഴ്‌നാട്ടിൽനിന്ന് കല്ല് വരുന്നതിനാൽ നിർമാണം നിർത്തിവെച്ചിട്ടില്ല. ചില കമ്പനികൾ ആവശ്യത്തിന് തൊഴിലാളികളെ നിയോഗിക്കാത്തതും ഒരു പ്രശ്നമാണ്. പ്രതിസന്ധികൾ ചർച്ച ചെയ്യാൻ അടുത്തയാഴ്ച ആദ്യം വീണ്ടും മുഖ്യമന്ത്രിയുെട സാന്നിധ്യത്തിൽ യോഗം ചേരുന്നുണ്ട്.