കാസര്‍ഗോഡ് : ദേശീയപാതാ വികസനത്തിന് ഏറ്റെടുത്ത സ്ഥലത്തിന്‍റെ വില നിർണ്ണയത്തിൽ പരാതിയുമായി ദേശീയപാതാ അതോറിറ്റി. കാസര്‍ഗോഡ് ജില്ലയിലെ മൂന്ന് വില്ലേജുകളിൽ നിശ്ചയിച്ച വില കൂടുതലാണെന്ന് കാണിച്ച് അനുവദിച്ച തുക തടഞ്ഞുവച്ചു. ആറ് മാസം പിന്നിട്ടിട്ടും പ്രശ്നത്തിന് പരിഹാരമായില്ല.
കാസര്‍കോട്, അടുക്കത്ത്ബയൽ, കാഞ്ഞങ്ങാട് വില്ലേജുകളിലെ നഷ്ടപരിഹാരത്തെ ചൊല്ലിയാണ് തർക്കം. മൂന്ന് വില്ലേജുകളിലെ ഇരുന്നൂറോളം ഉടമകൾക്ക് ഭൂമി വിലയും നഷ്ട പരിഹാരവും ഉൾപ്പെടെ 64 കോടി രൂപ ദേശീയപാത അതോറിറ്റി അനുവദിച്ചു. പിന്നീട് കണ്ടത് ഭൂമി വില നിശ്ചയിച്ചത് കൂടിപ്പോയെന്ന് ആരോപിച്ച് ദേശീയപാതാ അതോറിറ്റി തന്നെ തടസ്സവാദം ഉന്നയിക്കുന്ന കാഴ്ചയാണ്.
ഉടമകൾക്ക് വിതരണം ചെയ്യാൻ അനുവദിച്ച പണം കഴിഞ്ഞ ഓഗസ്റ്റ് 28 ന് തടഞ്ഞുവച്ചു. മാനദണ്ഡ പ്രകാരമാണ് വില നിശ്ചയിച്ചതെന്നും അപാകതകൾ ഇല്ലെന്നുമാണ് സംസ്ഥാന സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന സ്ഥലമേറ്റെടുപ്പ് വിഭാഗം വ്യക്തമാക്കുന്നത്.
ദേശീയപാതാ അതോറിറ്റി തന്നെ പരാതി നൽകിയതോടെ ഈ വില്ലേജുകളിലെ തുടർ നടപടികളെല്ലാം നിലച്ചു. ഇത് മറ്റ് പ്രവർത്തികളേയും ബാധിക്കുന്ന സാഹചര്യമാണ്. ഇതുവരേയും പരിഹാരമാകാത്തതോടെ ജില്ലാ കളക്ടർ നേരിട്ട് ഇടപെട്ടു. ഉടമകൾക്ക് പണം അനുവദിക്കാനുള്ള ഉത്തരവിൽ സ്റ്റേ ഇല്ലാതിരിക്കെ തടഞ്ഞ് വെക്കാനാകില്ലെന്നാണ് കളക്ടറുടെ നിലപാട്. ഇക്കാര്യം വ്യക്തമാക്കി സംസ്ഥാന സർക്കാരിന് കത്തും നൽകി.
നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട് അവസാനഘട്ടത്തിലുണ്ടായ തർക്കം ഭൂമി നൽകിയവരെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. ദേശീയപാതവികസനം ആദ്യഘട്ടത്തിൽ ഏറെ മുന്നോട്ട് പോയ ജില്ലയാണ് കാസര്‍ഗോഡ്. ആദ്യ റീച്ചിൽ നിർമ്മാണം തുടങ്ങേണ്ട ഇവിടെ ഇപ്പോഴും തർക്കം അവസാനിക്കാത്തത് പദ്ധതിയെ ബാധിക്കുമെന്നാണ് ആശങ്ക.