തിരുവനന്തപുരം: സംസ്ഥാനത്തെ 5 ആശുപത്രികള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്‍ഡേര്‍ഡ്‌സ് (എന്‍.ക്യു.എ.എസ്.) അംഗീകാരം ലഭിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 4 ആശുപത്രികള്‍ക്ക് പുതുതായി അംഗീകാരവും ഒരു ആശുപത്രിയ്ക്ക് പുന:അംഗീകാരവുമാണ് ലഭിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ 216 ആരോഗ്യ സ്ഥാപനങ്ങള്‍ക്കാണ് എന്‍.ക്യു.എ.എസ്. സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചത്. ആരോഗ്യ മേഖലയില്‍ നടക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ് തുടര്‍ച്ചയായി നമ്മുടെ സര്‍ക്കാര്‍ ആശുപത്രികളെ ദേശീയ ഗുണനിലവാരത്തിലേക്ക് കേന്ദ്രം ഉയര്‍ത്തുന്നത്.
കൂടുതല്‍ ആശുപത്രികളെ എന്‍.ക്യു.എ.എസ്. നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നതായും മന്ത്രി വ്യക്തമാക്കി. പത്തനംതിട്ട ആനിക്കാട് കുടുംബാരോഗ്യ കേന്ദ്രം 93.02 ശതമാനം സ്‌കോറും, പത്തനംതിട്ട വടശ്ശേരിക്കര കുടുംബാരോഗ്യ കേന്ദ്രം 90.75 ശതമാനം സ്‌കോറും, തൃശൂര്‍ നാലുകെട്ട് കുടുംബാരോഗ്യ കേന്ദ്രം 97.24 ശതമാനം സ്‌കോറും, വയനാട് ചീരാല്‍ കുടുംബാരോഗ്യ കേന്ദ്രം 87.84 ശതമാനം സ്‌കോറും നേടിയാണ് പുതുതായി എന്‍.ക്യു.എ.എസ്. അംഗീകാരം കരസ്ഥമാക്കിയത്. തിരുവനന്തപുരം കള്ളിക്കാട് ന്യൂ കുടുംബാരോഗ്യ കേന്ദ്രം 93.52 ശതമാനം സ്‌കോര്‍ നേടി മൂന്ന് വര്‍ഷത്തിന് ശേഷം വീണ്ടും അംഗീകാരം നേടിയെടുത്തു.