ആലപ്പുഴ : ഗള്‍ഫില്‍ ജോലി വാഗ്ദാനം നല്‍കി ഒന്നരക്കോടി രൂപ തട്ടിയ കേസില്‍ ആലപ്പുഴ സ്വദേശി റോണി തോമസ് (40) നെ അറസ്റ്റ് ചെയ്തു. മുക്കം നഗരസഭയിലെ മണാശേരി സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിക്ക് സമീപം വീടെടുത്ത് ഒളിവില്‍ കഴിയുകയായിരുന്നു ഇയാള്‍.
കഴിഞ്ഞ ജനുവരിയിലായിരുന്നു കേസിനാസ്പദമായ സംഭവം. മകന്റെ ഭാര്യക്ക് കുവൈത്തില്‍ ജോലി വാഗ്ദാനം നല്‍കി മൂന്നു തവണയായി 23 ലക്ഷം രൂപയാണ് ഗാന്ധിനഗർ സ്വദേശി റോയിയില്‍ നിന്ന് ഇയാള്‍ തട്ടിയെടുത്തത്. റോയിയുടെ പരാതിയിലാണ് ഇയാളെ പിടികൂടിയത്. സമാനമായ രീതിയിൽ റാന്നിയിലും ഇയാൾ തട്ടിപ്പ് തടത്തിയതായി പരാതിയുണ്ടെന്ന് പോലീസ് പറഞ്ഞു.
ആറു മാസം നീണ്ട അന്വേഷണത്തിനൊടുവിലാണ് പോലിസ് പ്രതിയെ പിടികൂടിയത്. കഴിഞ്ഞ അഞ്ച് മാസമായി കൊല്ലം സ്വദേശിയായ യുവതിയോടൊത്ത് വെസ്റ്റ് മാമ്പറ്റയിലെ വാടക വീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു പ്രതി. താൻ പ്രവാസിയായിരുന്നെന്നും കൂടെയുള്ള സ്ത്രീ സ്വന്തം ഭാര്യയാണെന്നുമാണ് ഇയാൾ അയൽവാസികളെ ധരിപ്പിച്ചിരുന്നത്. കൂടെയുണ്ടായിരുന്ന സ്ത്രീ മുക്കത്തെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ നഴ്സായി ജോലി ചെയ്യുകയായിരുന്നു.