പത്തനംതിട്ട : കഞ്ചാവ് കേസിൽ പോലീസ് കസ്റ്റഡിയിലെടുത്ത കോയിപ്രം സ്വദേശിയെ കോന്നിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും. പത്തനംതിട്ട ജില്ലാ പോലീസ് മേധാവി കോഴ്സിൽ പങ്കെടുക്കുന്നതിനാൽ കൊല്ലം എസ്.പിയാണ് ഇതു സംബന്ധിച്ച് ഉത്തരവ് പുറത്തിറക്കിയത്. ജില്ലാ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി കെ.എ.വിദ്യാധരന്റെ നേതൃത്വത്തിലുള്ള 14 അംഗ പ്രത്യേക അന്വേഷണ സംഘമാകും അന്വേഷണം നടത്തുക. കഴിഞ്ഞ മാർച്ച് 16നാണ് കോയിപ്രം സ്വദേശി സുരേഷിനെ കഞ്ചാവുപയോഗിച്ചതിന് പോലീസ് കസ്റ്റഡിയിലെടുത്തത്.
22ന് കോന്നിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മൃതദേഹത്തിൽ മർദ്ദനമേറ്റ പാടുകൾ കണ്ടതോടെ പോലീസ് മർദ്ദനമുണ്ടായെന്ന് ആരോപണമുയർന്നു. കോന്നി മെഡിക്കൽ കോളേജില്‍ നടത്തിയ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മർദനമേറ്റ കാര്യം സ്ഥിരീകരിച്ചു. തുടർന്ന് കോന്നി പോലീസ് അന്വേഷണം നടത്തുന്നിതിനിടെ ക്രൈംബ്രാഞ്ചിനു കൈമാറുകയായിരുന്നു.