ദുബൈ: ദുബൈയിലെ ആദ്യ സ്വകാര്യ സ്കൂള്‍ സ്ഥാപകയും ജെംസ് എജുക്കേഷന്‍ സ്ഥാപകനും ചെയര്‍മാനുമായ സണ്ണി വര്‍ക്കിയുടെ മാതാവുമായ മറിയാമ്മ വര്‍ക്കി (90) നിര്യാതയായി. പത്തനംതിട്ട റാന്നി സ്വദേശിയാണ്. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ദീര്‍ഘനാളായി കിടപ്പിലായിരുന്ന അവര്‍ ദുബൈയിലെ മകന്റെ വസതിയിലാണ് മരിച്ചത്. മൃതദേഹം ദുബൈയില്‍ സംസ്കരിക്കും.
1968ലാണ് മറിയാമ്മയും ഭര്‍ത്താവ് കെ.എസ് വര്‍ക്കിയും കുടുംബവും ഗള്‍ഫിലെ തന്നെ ആദ്യ സ്വകാര്യ സ്കൂളായ ഔവര്‍ ഓണ്‍ ഇഗ്ലീഷ് സ്കൂള്‍ സ്ഥാപിച്ചത്. യു.എ.ഇയിലെ രാജകുടുംബാംഗങ്ങള്‍ അടക്കം പ്രമുഖര്‍ക്ക് ഇഗ്ലീഷ് ഭാഷയുടെ ആദ്യാക്ഷരം പകര്‍ന്നുകൊടുത്തത് ഇവരായിരുന്നു. മിഡിലീസ്റ്റ് ബ്രിട്ടീഷ് ബാങ്കില്‍ ഉദ്യോഗസ്ഥനായ ഭര്‍ത്താവിനൊപ്പം 1959ലാണ് ഇവര്‍ ദുബൈയിലെത്തിയത്.