കോന്നി : വള്ളിക്കോട്, പ്രമാടം പഞ്ചായത്തുകളില്‍ വീശിയടിച്ച കാറ്റില്‍ മരം വീണ് തകര്‍ന്ന വീടുകളും നാശനഷ്ടം സംഭവിച്ച കൃഷിയിടങ്ങളും അഡ്വ. കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ സന്ദര്‍ശിച്ചു. മേയ് ആറിന് വൈകിട്ടുണ്ടായ മഴയും, കാറ്റുമാണ് ഈ പ്രദേശങ്ങളില്‍ കനത്ത നാശം വിതച്ചത്. ഇരുപതോളം വീടുകളില്‍ പലതും പൂര്‍ണമായും പത്തോളം വീടുകള്‍ ഭാഗികമായും തകര്‍ന്നു. വാഹനങ്ങളും തകര്‍ന്നിട്ടുണ്ട്. കൃഷിയിടങ്ങളില്‍ കാറ്റുവിതച്ച നാശം പറഞ്ഞറിയിക്കാന്‍ കഴിയാത്ത നിലയിലാണ്. കൊച്ചാലുംമൂട്ടില്‍ അംഗന്‍വാടി കെട്ടിടവും മരം വീണ് തകര്‍ന്നു.
വള്ളിക്കോട് കൊച്ചാലുംമൂട്ടില്‍ രതീഷിന്റെ വീടും ഓട്ടോറിക്ഷയും ആഞ്ഞിലിമരം വീണ് തകര്‍ന്നു. ഇതോടു കൂടി രതീഷിന്റെ കുടുംബം വീടും ഉപജീവന മാര്‍ഗവും നഷ്ടപ്പെട്ട സ്ഥിതിയിലാണ്. കിഴക്കേ പറയാട്ടില്‍ ജയകുമാര്‍, ഞക്കുനിലം ശ്രീകുമാര്‍, ശോഭാലയം യശോധരന്‍, വിപഞ്ചികയില്‍ വാസുദേവന്‍ തുടങ്ങി വീടു നഷ്ടപ്പെട്ടവരുടെ എണ്ണം നിരവധിയാണ്. കൃഷിക്കും വളരെ വലിയ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. വീടും, വാഹനങ്ങളും, കൃഷിയും എല്ലാം നഷ്ടപ്പെട്ട നിലയിലാണ് ഇവിടുത്തെ താമസക്കാര്‍. നഷ്ടപരിഹാരം വിലയിരുത്താന്‍ ഉദ്യോഗസ്ഥര്‍ എത്തിയില്ല എന്നു മനസിലാക്കിയ എം.എല്‍.എ കൃഷി, റവന്യൂ ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തി. നഷ്ടം വിലയിരുത്തി അടിയന്തിരമായി റിപ്പോര്‍ട്ട് നല്‍കാന്‍ എംഎല്‍എ ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചു.
എല്ലാവര്‍ക്കും നഷ്ടപരിഹാരം ലഭിക്കാന്‍ അടിയന്തിര ഇടപെടല്‍ നടത്തുമെന്ന് എംഎല്‍എ പറഞ്ഞു. വിശദമായ റിപ്പോര്‍ട്ട് കൃഷി, റവന്യൂ വകുപ്പുകള്‍ക്ക് കൈമാറാന്‍ ജില്ലാ ഭരണകൂടത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കാലതാമസം ഒഴിവാക്കി നഷ്ടപരിഹാരം വേഗത്തില്‍ ലഭിക്കാന്‍ മന്ത്രിമാരുമായി ചര്‍ച്ച നടത്തുമെന്നും എംഎല്‍എ പറഞ്ഞു.
മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രശേഖരന്‍ നായര്‍, സിപിഐ (എം)വള്ളിക്കോട് ലോക്കല്‍ കമ്മറ്റി സെക്രട്ടറി മോഹനന്‍ നായര്‍, വി കോട്ടയം ലോക്കല്‍ കമ്മറ്റി സെക്രട്ടറി പുഷ്പരാജന്‍, ഷൈജു, ഉല്ലാസ് എന്നിവര്‍ എംഎല്‍എയോടൊപ്പം ഉണ്ടായിരുന്നു.