അടിമാലി: കൊച്ചി – ധനുഷ്കോടി ദേശീയപാത നവീകരണത്തിന്‍റെ ഭാഗമായുളള മണ്ണെടുപ്പിനെ തുടർന്ന് അടിമാലി കൂമ്പൻ പാറയിൽ വീടുകൾ അപകടാവസ്ഥയിൽ. പലരും വീടൊഴിഞ്ഞ് തുടങ്ങി. അശാസ്ത്രീയ മണ്ണെടുപ്പിനെതിരെ പരാതി പറഞ്ഞിട്ടും യാതൊരു നടപടിയും ദേശീയപാതാ അതോറിറ്റിയോ കരാർ കമ്പനിയോ കൈക്കൊളളുന്നില്ലെന്നും നാട്ടുകാർ ആരോപിച്ചു. നിർമ്മാണ പ്രർത്തനങ്ങൾക്ക് മണ്ണെടുത്തു തുടങ്ങിയതോടെ, റോഡിന്‍റെ വശങ്ങളിലുളള വീടുകൾ മിക്കതും അപകട ഭീഷണിയിലാണ്. കഴിഞ്ഞ ദിവസങ്ങളിൽ കനത്ത മഴയിൽ പലയിടത്തും മൺതിട്ടകൾ ഇടിഞ്ഞുവീണു. കൂമ്പൻപാറ സ്വദേശി മനോജിന്‍റെ വീടിന്‍റെ മുറ്റംവരെ ഇടിഞ്ഞുതാണു. മഴ ഇനിയും കനത്താൽ വീട് മുഴുവനായും ഇടിഞ്ഞ് താഴേക്ക് പതിക്കുമെന്ന അവസ്ഥയാണ്. ഇതോടെ താത്കാലികമായി വാടക വീട്ടിൽ ഈ കുടുംബം അഭയം തേടിയിരിക്കുകയാണ്.
മിക്ക വീടുകളിലും പ്രായമായവരും കുട്ടികളുമുണ്ട്. വീതികൂട്ടൽ തുടങ്ങിയതോടെ, പലവീടുകളിലേക്കുമുളള നടവഴിപോലും ഇല്ലാത്ത സ്ഥിതി. ചെങ്കുത്തായ മൺതിട്ട താണ്ടിവേണം ഇവർക്ക് ആശുപത്രിയിലുൾപ്പെടെ എത്താൻ. അപകടാവസ്ഥയെക്കുറിച്ച് നിരവധി തവണ പരാതിപ്പെട്ടിട്ടും ആരും തിരിഞ്ഞുനോക്കിയിട്ടില്ല. പലർക്കും വീടുപേക്ഷിച്ച് മറ്റൊരിടത്തേക്ക് പോകുന്നതിനെക്കുറിച്ച് ചിന്തിക്കാനാവാത്ത സ്ഥിതിയാണ്.