കൊച്ചി: ഇരട്ട വോട്ട് ചീറ്റിയപ്പോള്‍ സാധാരണ വോട്ടുകള്‍ തപാല്‍ വോട്ടാക്കി ഭരണപക്ഷം . തിരുവനന്തപുരത്തും ഇടുക്കിയിലുമാണ് വോട്ടര്‍മാര്‍ ബൂത്തിലെത്തിയപ്പോള്‍ തപാല്‍ വോട്ട് ചെയ്‌തെന്ന പേരില്‍ വോട്ട് നിഷേധിച്ചത്. തപാല്‍ വോട്ടിന് അര്‍ഹതയില്ലാത്തവരുടെ പേരിലാണ് ഇത്തരത്തില്‍ കള്ളവോട്ട് ചെയ്‌തെന്നാണ് ആക്ഷേപം.
രാവിലെ വീട്ടില്‍ നിന്ന് ഒരുങ്ങിയിറങ്ങി പൊരിവെയിലത്ത് ക്യൂ നിന്ന് ബൂത്തില്‍ കയറുമ്പോള്‍ വോട്ട് മറ്റാരോ ചെയ്‌തെന്ന് കേള്‍ക്കുക. അതും തപാല്‍ വോട്ട്. വോട്ടര്‍ സര്‍ക്കാരുദ്യോഗസ്ഥനല്ല, അസുഖമൊന്നുമില്ലാതെ പയറുപോലെ നടക്കുന്നയാള്‍. പോളിങ് ഉദ്യോഗസ്ഥരോട് ചോദിക്കുമ്പോള്‍ കൈമലര്‍ത്തുകയാണ്. ഇത് ഒരിടത്തുണ്ടായ സംഭവമല്ല.
തിരുവനന്തപുരത്ത് കഴക്കൂട്ടം, പാറശാല മണ്ഡലങ്ങളിലും ഇടുക്കിയില്‍ ദേവികുളത്തും സംഭവിച്ചതാണ്. പാറശാല പെരുങ്കടവിള സ്വദേശികളായ ബാലകൃഷ്ണന്‍ നായര്‍, കെ.ബി.ചന്ദ്രശേഖരന്‍ നായര്‍ എന്നിവര്‍ ബൂത്തിലെത്തിയപ്പോഴാണ് മറ്റാരോ തപാല്‍വോട്ട് ചെയ്‌തെന്ന് അറിഞ്ഞത്. ഇരുവരും തപാല്‍വോട്ടിന് അപേക്ഷിച്ചിട്ടുപോലുമില്ല.