ഷോപ്പിയാൻ:ജമ്മു കശ്മീരിലെ അവന്തിപോറ മേഖലയിൽ നൗബഗ് ത്രാലിൽ തുടർച്ചയായ രണ്ടാം ദിവസവും സുരക്ഷാ സേനയും ഭീകരരുമായി ഏറ്റമുട്ടൽ. ഇരു ഭാഗത്തുനിന്നും ശക്തമായ വെടിവയ്പ്പാണ് ഉണ്ടായതെന്നാണ് റിപ്പോർട്ട്. വ്യാഴാഴ്ച വൈകുന്നേരം തെക്കൻ കശ്മീരിലെ ഷോപിയാനിൽ ഏറ്റുമുട്ടലിൽ മൂന്നു ഭീകരരെ സൈന്യം വധിച്ചിരുന്നു. രണ്ടു സുരക്ഷാ ഉദ്യോഗസ്ഥർക്കു പരുക്കേൽക്കുകയും ചെയ്തിരുന്നു.
ഭീകരരുണ്ടെന്ന വിവരത്തെത്തുടർന്ന് പൊലീസ്, സൈന്യം, സിആർപിഎഫ് എന്നിവരുടെ സംയുക്ത സംഘമാണ് വ്യാഴാഴ്ച തിരച്ചിലിനിറങ്ങിയത്. സുരക്ഷാ സേനയ്ക്കു നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. ഇവിടെ കൊല്ലപ്പെട്ട ഭീകരർ ആരൊക്കെയെന്ന് തിരിച്ചറിഞ്ഞിട്ടില്ല.
അതേസമയം ഭീകര സംഘടനയായ അൻസാർ ഘസ്‌വാതുൽ ഹിന്ദിന്റെ മുതിർന്ന കമാൻഡർ ഇവിടെയുണ്ടെന്നാണ് പോലീസ് വിശ്വസിക്കുന്നത്. ഏറ്റുമുട്ടൽ തുടരുകയാണെന്നും കൂടുതൽ വിവരങ്ങൾ പിന്നീടു പുറത്തുവിടുമെന്നും കശ്മീർ പോലീസ് ട്വീറ്റിലൂടെ അറിയിച്ചു.