പത്തനംതിട്ട: നൗഷാദ് തിരാേധാന കേസില്‍ പോലീസ് അമിതാവേശം കാണിച്ചതായി എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് എസ് മുഹമ്മദ് അനീഷ്. തന്നെ മര്‍ദ്ദിച്ച് കുറ്റം സമ്മതിപ്പിക്കുകയായിരുന്നു എന്ന അഫ്‌സാനയുടെയുടെ വെളിപ്പെടുത്തല്‍ ഗൗരവമുള്ളതാണ്. അഫ്‌സാനയുടെ ഭര്‍ത്താവ് നൗഷാദിന്റെ മൃതദേഹത്തിനായി വീടിനകം വരെ കുഴിയെടുക്കുകയും പോലീസ് തന്നെ പീഡിപ്പിച്ചതായും ദമ്പതികള്‍ താമസിച്ച വാടക വീട്ടുടമ ബിജുകുമാറിന്റെ പരാതിയും പോലീസിന്റെ അന്വേഷണം ശരിയായ ദിശയിലായിരുന്നില്ല എന്ന് വ്യക്തമാക്കുന്നതാണ്. പിതാവിന്റെ കൊലയാളി അമ്മയാണ് എന്ന് പോലീസ് വിധിയെഴുതിയതോടെ അവരുടെ രണ്ടുകുട്ടികളുടെയും നൗഷാദിന്റെയും അഫ്‌സാനയുടെയും മാതാപിതാക്കളുടെയും മാനസികാഘാതം ലഘൂകരിക്കാന്‍ കഴിയില്ല. ഭര്‍ത്താവിന് സാദൃശ്യമുള്ള ഒരാളെ അടൂരില്‍ വച്ച് അഫ്‌സാന കാണുകയും ആ വിവരം കൂടല്‍ പോലീസിനെ അറിയിച്ചതോടെ അന്വേഷണത്തിന്റെ ഭാഗമായി പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച ശേഷം ജൂലൈ 24 മുതല്‍ േപാലീസ് കസ്റ്റഡിയിലായിരുന്നു അഫ്‌സാന. നൗഷാദ് തൊടുപുഴയില്‍ ഉണ്ടെന്നറിഞ്ഞ 27-ാം തീയതി ഉച്ചയ്ക്ക് 12 മണി വരെ കൊലയാളിയുടെ പരിവേഷമാണ് പോലീസ് അഫ്‌സാനയുടെമേല്‍ ചാര്‍ത്തിയത്.
പോലീസ് കസ്റ്റഡിയില്‍ ഇരുന്ന ഒരു സ്ത്രീ. അതും മുന്‍പ് ഒരു കേസിലും പ്രതിയായിരുന്നിട്ടില്ലാത്ത ഒരാള്‍. പോലീസ് സമ്മര്‍ദ്ദത്താല്‍ മനോനില തെറ്റിയിട്ടുണ്ടാകാമെന്നും മൊഴികള്‍ മാറ്റി മാറ്റി പറഞ്ഞിട്ടും മാനസികാരോഗ്യ വിദഗ്ധന്റെ സാന്നിധ്യത്തില്‍ ചോദ്യം ചെയ്യാന്‍ പോലീസ് തയ്യാറാകാതിരുന്നത് എന്ത് കൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു. നൗഷാദിനെ കാണാനില്ല എന്ന പിതാവിന്റെ പരാതി നിലനില്‍ക്കെ 2022 ഓഗസ്റ്റ് മൂന്നിന് തൊടുപുഴയിലെ തൊമ്മന്‍കുത്തില്‍ വച്ച് നൗഷാദിന് ഒരു അപകടമുണ്ടാവുകയും ഇതേ പോലീസ് അദ്ദേഹത്തെ രക്ഷപ്പെടുത്തുകയും ചെയ്തിരുന്നു. നൗഷാദ് രൂപമാറ്റം വരുത്തുകയോ തെറ്റായ രേഖകള്‍ നല്‍കുകയോ ചെയ്തില്ല. എന്നിട്ടും ഇതേ നൗഷാദ് ആണ് എന്ന് കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞില്ല. കഴിഞ്ഞ ഒന്നര വര്‍ഷം, കൂടല്‍ പോലീസ് സ്റ്റേഷനില്‍ നിന്ന് ഒന്നരമണിക്കൂര്‍ മാത്രം യാത്ര ചെയ്താല്‍ എത്താവുന്ന തൊടുപുഴയില്‍ തങ്ങിയ നൗഷാദിനെ കണ്ടെത്താന്‍ കഴിയാതിരുന്നതും പോലീസിന്റെ പരാജയമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.