പത്തനംതിട്ട : ഡിസംബര്‍ 16 , 17 തീയതികളില്‍ നടക്കുന്ന നവകേരളസദസുമായി ബന്ധപ്പെട്ടുള്ള ജില്ലയിലെ ക്രമീകരണങ്ങള്‍ വിലയിരുത്താനായി ജില്ലാ കളക്ടര്‍ എ ഷിബുവിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേര്‍ന്നു. നവകേരളസദസുമായി ബന്ധപ്പെട്ടു നടത്തുന്ന എല്ലാ ഒരുക്കങ്ങളും എത്രയും വേഗത്തില്‍ പൂര്‍ത്തിയാക്കണം. ഭക്ഷണസുരക്ഷിതത്വവും ഇ-ടോയ്ലെറ്റ് സൗകര്യവും ഉറപ്പ് വരുത്തും. ഉദ്യോഗസ്ഥരെല്ലാവരും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കണമെന്നും സദസിനു മുന്‍പ് ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ പരിശീലനപരിപാടി നടത്തുമെന്നും കളക്ടര്‍ പറഞ്ഞു. ഓരോ മണ്ഡലത്തിലെ കണ്‍വീനര്‍മാര്‍ ഒരുക്കേണ്ട ക്രമീകരണങ്ങളെ സംബന്ധിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ കളക്ടര്‍ നല്‍കി.
അഞ്ചു മണ്ഡലങ്ങളിലേയും സംഘാടകസമിതികള്‍ ചേര്‍ന്നു. വാര്‍ഡുതല സംഘാടകസമിതികളും വീട്ടുമുറ്റസദസുകളും നടന്നുവരികയാണ്. നവകേരളസദസുമായി ബന്ധപ്പെട്ട് അടൂര്‍, കോന്നി, റാന്നി താലൂക്കുകളിലെ പട്ടയവിതരണം ഊര്‍ജ്ജിതമായി നടക്കുകയാണ്. എല്ലാ മണ്ഡലങ്ങളിലും എംഎല്‍എമാര്‍ നേരിട്ടെത്തി ഒരുക്കങ്ങള്‍ക്കു നേതൃത്വം നല്‍കി വരികയാണെന്നും യോഗം വിലയിരുത്തി. അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് ബി. രാധാകൃഷ്ണന്‍, ഡിവൈഎസ്പി നന്ദകുമാര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ശ്രീകാന്ത് എം ഗിരിനാഥ്, ഡെപ്യൂട്ടി കളക്ടര്‍മാര്‍, വിവിധവകുപ്പുദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.