പത്തനംതിട്ട : സംസ്ഥാനം മുമ്പെങ്ങും ഇല്ലാത്തവിധം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും ജനങ്ങൾ ദാരിദ്ര്യത്തിലും കഴിയുമ്പോൾ ആർഭാടത്തിന്റേയും ധൂർത്തിന്റേയും പര്യായമായി സർക്കാർ നടത്തുന്ന നവകേരള സദസ്സ് ജനങ്ങളെ വീണ്ടും ദുരിതത്തിലാക്കുന്ന ജനദ്രോഹ സദസ്സായി മാറുമെന്ന് ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു. നവകേരള സദസിനെതിരായ യു.ഡി.എഫിന്റെ വിചാരണ സദസിന്റെ മുന്നൊരുക്കങ്ങൾക്കായി കോന്നിയിൽ ചേർന്ന യു.ഡി.എഫ് നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ക്ഷേമ പെൻഷനുകൾക്കായി വയോധികരായ അമ്മമാർ ഉൾപ്പെടെ പിച്ചച്ചട്ടി എടുക്കേണ്ട സാഹചര്യം നിലനില്ക്കുമ്പോൾ മുഖ്യമന്ത്രിയും മന്ത്രിമാരും കോടികൾ വിലമതിക്കുന്ന ആഡംബര വാഹനത്തിൽ ഊരു ചുറ്റുകയും പണപ്പിരിവും സ്പോൺസർഷിപ്പും നടത്തി ജനങ്ങളെ കൊള്ളയടിക്കുകയാണെന്നും ഡി.സി.സി പ്രസിഡന്റ് പറഞ്ഞു. നവംബർ 25-ന് മുമ്പായി മണ്ഡലം യു.ഡി.എഫ് കമ്മിറ്റികൾ യോഗം ചേരുന്നതിനും കോന്നിയിൽ വെച്ച് സംസ്ഥാന സർക്കാരിനെതിെരെ സംഘടിപ്പിക്കുന്ന വിചാരണ സദസ്സ് വൻ വിജയമാക്കുന്നതിനും നേതൃയോഗം തീരുമാനിച്ചു.
യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ എസ്.സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കൺവീനർ എ.ഷംസുദീൻ ,റോബിൻ പീറ്റർ, സാമുവൽ കിഴക്കുപുറം, ഉമ്മൻ മാത്യു വടക്കേടം, അബ്ദുൾ മുത്തലിഫ്, ജോസ് കൊന്നപ്പാറ, രവി പിള്ള, ശാന്തിജൻ ചൂരക്കുന്നേൽ, ബാബു വെമ്മേലിൽ ,രാജൻ പടിയറ, സജി കൊട്ടക്കാട്,ചിറ്റൂർ ശങ്കർ, എലിസബത്ത് അബു, എസ് വി.പ്രസന്നകുമാർ, ഹരികുമാർ പൂതംകര, ആർ.ദേവകുമാർ, രാജൻ റാവുത്തർ, പ്രൊഫ.ബാബു ചാക്കോ, ശ്രീകോമളൻ മലയാലപ്പുഴ, ജേക്കബ് മoത്തിലേത്ത്,പ്രവീൺ പ്ലാവിളയിൽ,എന്നിവർ പ്രസംഗിച്ചു.