തിരുവനന്തപുരം : കോവിഡ് മഹാമാരിയില്‍ കഴിഞ്ഞ വര്‍ഷം ഒഴിവാക്കിയ ആചാരാനുഷ്ടാനങ്ങള്‍ പുനഃസ്ഥാപിച്ച് ഇക്കുറി നവരാത്രി ഘോഷയാത്ര നടത്താന്‍ തീരുമാനം. തലസ്ഥാനത്തെ നവരാത്രി ഘോഷയാത്ര പത്മനാഭപുരം കൊട്ടാരത്തില്‍ നിന്ന് ഒക്ടോബര്‍ 3ന് ആരംഭിക്കും. കളക്‌ടറുമായി ആലോചിച്ച് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ മന്ത്രി വി. ശിവന്‍കുട്ടിയുടെ അധ്യക്ഷതയില്‍ കൂടിയ അവലോകന യോഗത്തില്‍ തീരുമാനിച്ചു. ഘോഷയാത്രയില്‍ പങ്കെടുക്കുന്നവര്‍ക്ക് പോലീസ് പാസ് വിതരണം ചെയ്യാനും തീരുമാനിച്ചു.
കരമന മുതല്‍ വേളിമല കുമാരസ്വാമിയെ എഴുന്നള്ളിക്കാന്‍ ഉപയോഗിക്കുന്ന വെള്ളിക്കുതിരയെ ഇക്കുറി വേളിമലയില്‍ നിന്നു ഘോഷയാത്രയ്ക്കൊപ്പം കൊണ്ടുവരുന്നതു പരിഗണിക്കും. സരസ്വതീ ദേവി, വേളിമല കുമാരസ്വാമി, മുന്നൂറ്റിനങ്ക വിഗ്രഹങ്ങളുമായുള്ള ഘോഷയാത്ര അടുത്ത മാസം 3 നാണ് പത്മനാഭപുരത്ത് നിന്ന് ആരംഭിക്കുന്നത്.
സംസ്ഥാനാതിര്‍ത്തിയായ കളിയിക്കാവിള,നഗരാതിര്‍ത്തിയായ നേമം എന്നിവിടങ്ങളില്‍ സ്വീകരണമുണ്ടാകും.ഉടവാളുമായി വരുന്ന ഭക്തര്‍ക്ക് അവിടെ അര മണിക്കൂര്‍ വീതം വിശ്രമം അനുവദിക്കുന്നതു പരിഗണിക്കുമെന്ന് മന്ത്രി അറിയിച്ചു.
ഒക്ടോബര്‍ 5ന് വൈകിട്ട് 7ന് കിഴക്കേകോട്ടയിലെത്തുന്ന വിഗ്രഹങ്ങളെ കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് കോട്ടയ്ക്കകം നവരാത്രി മണ്ഡപത്തിലേക്ക് ആനയിക്കും. 6ന് രാവിലെ പത്മതീര്‍ത്ഥക്കരയിലെ നവരാത്രി മണ്ഡപത്തില്‍ സരസ്വതിദേവിയെ പൂജയ്ക്കിരുത്തും. നവരാത്രി നാളുകളില്‍ രാവിലേയും,വൈകിട്ടും ദര്‍ശനം അനുവദിക്കും,15 ന് രാവിലെ വിദ്യാരംഭം.
കേരള അതിര്‍ത്തി കടന്നാല്‍ ചെയ്യേണ്ട കാര്യങ്ങളെ സംബന്ധിച്ച് കലക്ടര്‍, സിറ്റി പൊലീസ് കമ്മിഷണര്‍, റൂറല്‍ എസ്പി എന്നിവരുമായി ആലോചിച്ച് തീരുമാനമെടുക്കാനും മന്ത്രി വി.ശിവന്‍കുട്ടി നിര്‍ദേശിച്ചു. സബ് കലക്ടര്‍ എം.എസ്.മാധവിക്കുട്ടി, സിറ്റി പോലീസ് കമ്മീഷണർ ബല്‍റാം കുമാര്‍ ഉപാധ്യായ, റൂറല്‍ എസ്പി. പി.കെ. മധു, ദേവസ്വം ഉദ്യോഗസ്ഥര്‍, നവരാത്രി ആഘോഷ കമ്മിറ്റി ഭാരവാഹികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.