പത്തനംതിട്ട : കണ്ണൂര്‍ എ.ഡി.എം ആയിരുന്ന നവീന്‍ ബാബുവിന്‍റെ ദുരൂഹ മരണം സി.ബി.ഐ അന്വേഷിക്കുക, ഇക്കാര്യത്തില്‍ പിണറായി സര്‍ക്കാരും മാര്‍ക്സിസ്റ്റ് പാര്‍ട്ടിയും പ്രതികളെ സംരക്ഷിക്കുന്ന നടപടി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍, കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. പഴകുളം മധു എന്നിവര്‍ നാളെ (മാര്‍ച്ച് 14 വെള്ളിയാഴ്ച) രാവിലെ 9 മണി മുതല്‍ വൈകിട്ട് 5 മണിവരെ പത്തനംതിട്ട ടൗണ്‍ സ്ക്വയറില്‍ ഉപവാസ സത്യാഗ്രഹ സമരം നടത്തുമെന്ന് ഡി.സി.സി സംഘടനാകാര്യ ജനറല്‍ സെക്രട്ടറി സാമുവല്‍ കിഴക്കുപുറം പറഞ്ഞു.
ഉപവാസ സമരം രാവിലെ 9 മണിക്ക് കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗവും മുന്‍ രാജ്യസഭാ ഉപാദ്ധ്യക്ഷനുമായ പ്രൊഫ. പി.ജെ. കുര്യന്‍ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 5 മണിക്ക് സമാപന സമ്മേളനം മുന്‍ കെ.പി.സി.സി പ്രസിഡന്‍റും കെ.പി.സി.സി രാഷ്ട്രീയകാര്യസമിതി അംഗവുമായ കെ. മുരളീധരന്‍ ഉദ്ഘാടനം ചെയ്യും. ഉപവാസ സമരത്തില്‍ രാഷ്ട്രീയകാര്യ സമിതി അംഗങ്ങള്‍, എം.പി. മാര്‍, എം.എല്‍.എ മാര്‍, കെ.പി.സി.സി, ഡി.സി.സി, പോഷക സംഘടനാ നേതാക്കള്‍, ബ്ലോക്ക്, മണ്ഡലം, വാര്‍ഡ്, ബൂത്ത് പ്രസിഡന്‍റുമാര്‍ എന്നിവര്‍ പങ്കെടുക്കുമെന്ന് ഡി.സി.സി ജനറല്‍ സെക്രട്ടറി പറഞ്ഞു.
നവീന്‍ ബാബുവിന്‍റെ മരണത്തിലെ ദുരൂഹത അവസാനിപ്പക്കുന്നതിന് സി.ബി.ഐ അന്വേഷണം മാത്രമാണ് പോംവഴിയെന്നും ഇക്കാര്യത്തില്‍ നവീന്‍ ബാബുവിന്‍റെ കുടുംബത്തോടൊപ്പമാണെന്ന് പ്രഖ്യാപിച്ച സര്‍ക്കാരും സി.പി.എമ്മും പ്രതികളെ സംരക്ഷിക്കുന്ന നടപടിയാണ് സ്വീകരിച്ചിരിക്കുന്നതെന്നും ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി കുറ്റപ്പെടുത്തി. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഡി.സി.സി നടത്തുന്ന നാലാം ഘട്ട സമരമാണ് ഡി.സി.സി പ്രസിഡന്‍റിൻറെയും കെ.പി.സി.സി ജനറല്‍ സെക്രട്ടറിയുടേയും നേതൃത്വത്തില്‍ ടൗണ്‍ സ്ക്വയറില്‍ നടത്തുന്ന ഉപവാസ സത്യാഗ്രഹമെന്നും ഇക്കാര്യത്തില്‍ അനുകൂല തീരുമാനം ഉണ്ടാകുന്നതുവരെ സമരം തുടരുമെന്നും ഡി.സി.സി സംഘടനാകാര്യ ജനറല്‍ സെക്രട്ടറി പറഞ്ഞു.