പത്തനംതിട്ട : കണ്ണൂര്‍ എ.ഡി.എം ആയിരുന്ന നവീന്‍ ബാബു അഴിമതി രഹിതനും സത്യസന്ധനുമായ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്നു എന്നും അദ്ദേഹത്തിനെതിരെ വ്യാജ അഴിമതി ആരോപണം ഉന്നയിച്ച് മുന്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റും കൂട്ടാളികളും അപമാനിക്കുവാന്‍ ആസൂത്രിത നീക്കം നടത്തിയെന്നും ലാന്‍ഡ് റവന്യൂ ജോയിന്‍റ് കമ്മീഷണര്‍ എ. ഗീത നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞ സാഹചര്യത്തില്‍ നവീന്‍ ബാബുവിന്‍റെ മരണത്തിലെ ദുരൂഹത നീക്കി ഗൂഢാലോചന പുറത്തുകൊണ്ടുവന്ന് കുറ്റവാളികള്‍ക്ക് ശിക്ഷ ഉറപ്പാക്കുന്നതിന് ഇപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന അന്വേഷണം യാതൊരുവിധത്തിലും പര്യാപ്തമല്ലാത്ത സാഹചര്യത്തില്‍ കേന്ദ്ര ഏജന്‍സിയെ ഏല്‍പ്പിക്കേണ്ടത് അനിവാര്യമാണെന്ന് ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍, കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. പഴകുളം മധു എന്നിവര്‍ പറഞ്ഞു.
നവീന്‍ ബാബുവിന്‍റെ യാത്രയയപ്പ് സമ്മേളനത്തിലേക്ക് യാദൃശ്ചികമായാണ് പി.പി ദിവ്യ എത്തിയതെന്ന അവരുടെയും സി.പി.എം നേതാക്കളുടെയും വാദത്തിനന്‍റെ പൊള്ളത്തരം ലാന്‍ഡ് റവന്യൂ ജോയിന്‍റ് കമ്മീഷണറുടെ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ അസന്ദിഗ്ദ്ധമായി പൊളിഞ്ഞിരിക്കുകയാണ്. യാത്രയയപ്പ് പരിപാടി ചിത്രീകരിക്കുവാന്‍ പ്രാദേശിക ചാനല്‍ പ്രതിനിധിയെ ഏര്‍പ്പാടാക്കി നവീന്‍ ബാബു അഴിമതിക്കാരനാണെന്ന് വരുത്തിതീര്‍ത്ത് ചിത്രീകരിച്ച ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചത് ഗൂഢാലോചനയുടെ ഫലമാണെന്നും കണ്ണൂര്‍ ജില്ലാ കളക്ടറുടെ മൗനാനുവാദത്തോടെയാണ് സംഭവം നടന്നതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്ന സാഹചര്യത്തില്‍ സി.പി.എം നടത്തിയത് ഇരക്കും വേട്ടക്കാരനും ഒപ്പമാണെന്ന് പ്രതീതി ഉണ്ടാക്കി പൂര്‍ണ്ണമായും വേട്ടക്കാരനോടൊപ്പമാണെന്ന് തെളിയിച്ചിരിക്കുകയാണ്.
നവീന്‍ ബാബുവിന്‍റെ കുടുംബത്തോടൊപ്പമാണെന്ന് മാധ്യമങ്ങളിലൂടെ നിരന്തരമായി പ്രസ്താവന നടത്തിയ സി.പി.എം സംസ്ഥാന, ജില്ലാ നേതാക്കളും, സംസ്ഥാന സര്‍ക്കാരും സംഭവത്തെക്കുറിച്ചുള്ള അന്വേഷണം സി.ബി.ഐക്ക് കൈമാറണമെന്ന കുടുംബത്തിന്‍റെ ആവശ്യം ഹൈക്കോടതി സിംഗിള്‍ ബെഞ്ചിലും ഡിവിഷന്‍ ബെഞ്ചിലും വാദത്തിനായി എത്തിയപ്പോള്‍ പോലും അതിനെ എതിര്‍ത്ത് സി.പി.എം സഹയാത്രികരായ നവീന്‍ ബാബുവിന്‍റെ കുടുംബത്തോട് കടുത്ത അനീതിയും വഞ്ചനയുമാണ് കാട്ടിയത്. നവീന്‍ ബാബുവിന്‍റെ ദുരൂഹ മരണത്തില്‍ പിണറായി സര്‍ക്കാരും സി.പി.എമ്മും നടത്തിക്കൊണ്ടിരിക്കുന്നത് ക്രൂരമായ കാപട്യമാണ്. ഇതിനെതിരെ കേരളത്തിലെ മാധ്യമങ്ങളും പൊതുസമൂഹവും കൂടുതല്‍ ശക്തമായി അദ്ദേഹത്തിന്‍റെ കുടുംത്തിന്‍റെ ആവശ്യത്തോടൊപ്പം നിലകൊള്ളേണ്ടത് അടിയന്തിര ആവശ്യമാണ്.
നവീന്‍ ബാബുവിന്‍റെ മരണം കൊലപാതകമാണെന്ന് പോലും സംശയിക്കുന്ന സാഹചര്യത്തില്‍ തെളിവുകള്‍ ഒന്നൊന്നായി നശിപ്പിച്ചുകൊണ്ടിരിക്കുന്നത് ഉത്കണ്ഠാജനകമാണ്. ഇക്കാര്യങ്ങളിലെല്ലാം സമഗ്രമായ അന്വേഷണം വേണം. സംസ്ഥാന സര്‍ക്കാരിന്‍റെ കീഴില്‍ പ്രത്യേക അന്വേഷണ സംഘത്തിന്‍റെ അന്വേഷണം 5 മാസങ്ങള്‍ പിന്നിടുമ്പോള്‍ പോലും ഇഴഞ്ഞു നീങ്ങുകയാണ്. പ്രതികളെ സംരക്ഷിക്കാനല്ലാതെ പോലീസ് അന്വേഷണം കൊണ്ട് യാതൊരു പ്രയോജനവും ഉണ്ടാകില്ലെന്നത് പകല്‍പോലെ വ്യക്തമാണ്. ഈ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി സി.ബി.ഐ അന്വേഷണം ആവശ്യപ്പെടണമെന്നതിന് സര്‍ക്കാരിന്‍റെ കണ്ണ് തുറപ്പിക്കുന്നതിനും ജനമനസ്സാക്ഷി ഉണര്‍ത്തുന്നതിനുമായി ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍, കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. പഴകുളം മധു എന്നിവര്‍ 2025 മാര്‍ച്ച് 14-ാം തീയതി വെള്ളിയാഴ്ച രാവിലെ 9 മണി മുതല്‍ വൈകിട്ട് 5 മണി വരെ പത്തനംതിട്ട ടൗണ്‍ സ്ക്വയറില്‍ ഉപവാസ സത്യാഗ്രഹ സമരം നടത്തുന്നതാണ്.
ഉപവാസ സമരം അന്നേദിവസം രാവിലെ 9 മണിക്ക് കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗവും മുന്‍ രാജ്യസഭാ ഉപാദ്ധ്യക്ഷനുമായ പ്രൈാഫ. പി.ജെ. കുര്യന്‍ ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനം വൈകിട്ട് 5 മണിക്ക് കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം കൂടിയായ മുന്‍ കെ.പി.സി.സി പ്രസിഡന്‍റ് ശ്രീ. കെ. മുരളീധരന്‍ ഉദ്ഘാടനം ചെയ്യും. രാഷ്ട്രീയകാര്യ സമിതി അംഗങ്ങള്‍, എം.പി മാര്‍, എം.എല്‍.എ മാര്‍, കെ.പി.സി.സി, ഡി.സി.സി, പോഷക സംഘടന ഭാരവാഹികള്‍, മത, സാമൂഹ്യ, സാംസ്കാരിക സംഘടന നേതാക്കള്‍, കോണ്‍ഗ്രസ് ബ്ലോക്ക്, മണ്ഡലം, വാര്‍ഡ്, ബൂത്ത് ഭാരവാഹികള്‍, ത്രിതല പഞ്ചായത്ത്, മുനിസിപ്പല്‍ ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും. നവീന്‍ ബാബുവിന്‍റെ ദുരൂഹ മരണത്തില്‍ സര്‍ക്കാരും, സി.പി.എമ്മും നടത്തുന്ന ഒളിച്ചുകളി ഇനിയെങ്കിലും അവസാനിപ്പിച്ചില്ലെങ്കില്‍ 14 ന് നടക്കുന്ന ഉപവാസ സത്യാഗ്രഹ സമരത്തിന് ശേഷം കൂടുതല്‍ ശക്തമായ സമരപരിപാടികള്‍ക്ക് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി നേതൃത്വം നല്‍കും.
പത്തനംതിട്ട ജില്ലയില്‍ സി.പി.എം തകര്‍ച്ചയുടെ വക്കിലാണ്. സംസ്ഥാന സെക്രട്ടറിയേറ്റ് രൂപീകരണത്തോടെ സംസ്ഥാനത്തൊട്ടാകെ ഉണ്ടായിട്ടുള്ള പൊട്ടിത്തെറിയുടെ ആഘാതം പത്തനംതിട്ടയില്‍ കൂടുതല്‍ ശക്തമാണ്. മയക്കുമരുന്ന്, മാഫിയ സംഘങ്ങള്‍ക്ക് വെള്ളവും വളവും നല്‍കി വളര്‍ത്തുവാന്‍ നേതൃത്വം നല്‍കുന്നത് ജില്ലയില്‍ നിന്നുള്ള സംസ്ഥാന മന്ത്രിസഭയിലെ അംഗമാണ്. ജില്ലയിലെ പാര്‍ട്ടിയെ ഒന്നാകെ മന്ത്രി ചൊല്‍പ്പടിക്ക് നിര്‍ത്തുകയും നിയമനങ്ങളിലുള്‍പ്പെടെ വ്യാപകമായ അഴിമതി നടത്തുകയാണ്. ഇതേക്കുറിച്ച് സമഗ്രമായ അന്വേഷണം വേണം. ഉപതെരഞ്ഞെടുപ്പുകളില്‍ ഉണ്ടായതുപോലെ തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പുകളില്‍ ജില്ലയില്‍ യു.ഡി.എഫിന്‍റെ വന്‍ മുന്നേറ്റം ഉണ്ടാകും. യു.ഡി.എഫ് അംഗങ്ങളെ കാലുമാറ്റി അധികാരം പിടിച്ച ചിറ്റാര്‍ ഗ്രാമപഞ്ചായത്ത്, കോന്നി, കോയിപ്രം, ബ്ലോക്ക് പഞ്ചായത്തുകള്‍ എന്നിവിടങ്ങളില്‍ പിന്നീട് നടന്ന തെരഞ്ഞെടുപ്പുകളില്‍ യു.ഡി.എഫിന് ഉണ്ടായ വിജയം സി.പി.എമ്മിന്‍റെ അധാര്‍മ്മിക കാലുമാറ്റ രാഷ്ട്രീയത്തിനെതിരായ വിധിയെഴുത്താണ്. മാധ്യമ സമ്മേളനത്തില്‍ ഡി.സി.സി സംഘടനാകാര്യ ജനറല്‍ സെക്രട്ടറി സാമുവല്‍ കിഴക്കുപുറം, ഭാരവാഹികളായ എ. സുരേഷ് കുമാര്‍, വെട്ടൂര്‍ ജ്യോതിപ്രസാദ്, അനില്‍ തോമസ്, കെ. ജാസിംകുട്ടി എന്നിവര്‍ പങ്കെടുത്തു.