പത്തനംതിട്ട : എ.ഡി.എം നവീന്‍ ബാബുവിന്‍റെ ദുരൂഹ മരണം സംബന്ധിച്ച് അന്വേഷണം സി.ബി.ഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍, കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. പഴകുളം മധു എന്നിവര്‍ ഉപവാസ സത്യാഗ്രഹം നടത്തുന്നു. മാര്‍ച്ച് 14 ന് രാവിലെ 9 മണി മുതല്‍ വൈകുന്നേരം 5 മണി വരെ പത്തനംതിട്ട ടൗണ്‍ സ്ക്വയറിലാണ് ഉപവാസ സമരം. പത്തനംതിട്ട ജില്ലക്കാരനും സത്യസന്ധനുമായ ഉദ്യോഗസ്ഥന്‍ നവീന്‍ ബാബുവിനെ മനഃപൂര്‍വം കൊലപ്പെടുത്തുകയോ ആത്മഹത്യക്ക് പ്രേരിപ്പിക്കുകയോ ചെയ്യുകയാണുണ്ടായത്. മുഖ്യപ്രതിക്കെതിരെ നിസാര നടപടി എടുത്തു കേസ് തേച്ചു മായ്ച്ചു കളയാന്‍ സര്‍ക്കാര്‍ തുടക്കം മുതല്‍ ശ്രമിക്കുന്നു. ഇരക്ക് ഒപ്പമാണെന്ന് പറഞ്ഞു നടന്ന സി.പി.എം ജില്ലാ നേതൃത്വം കണ്ണൂര്‍ ലോബിക്ക് കീഴടങ്ങി കുടുംബത്തെ ചതിക്കുകയായിരുന്നു. ജില്ലയിലെ ഇടതുപക്ഷക്കാരായ അഞ്ച് എം.എല്‍.എ മാര്‍ കുടുംബത്തോട് നീതി കാണിച്ചില്ല. എന്നാല്‍ കണ്ണൂര്‍, പത്തനംതിട്ട ഡി.സി.സി കള്‍ തുടക്കം മുതല്‍ നവീന്‍ ബാബുവിന്‍റെ കുടുംബത്തോടൊപ്പം നിന്നു. കോണ്‍ഗ്രസ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് നിരവധി നിവേദനങ്ങളും സമരങ്ങളും നടത്തി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ആയിരുന്ന സി.പി.എം നേതാവ് പി.പി. ദിവ്യ നവീന്‍ ബാബുവിനെ അപമാനിക്കാന്‍ ആസൂത്രിത നീക്കം നടത്തിയെന്ന ലാന്‍ഡ് റവന്യൂ ജോയിന്‍റ് കമ്മീഷണറുടെ റിപ്പോര്‍ട്ട് പോലും സര്‍ക്കാര്‍ ഗൗരവമായി കാണുന്നില്ല. അന്വേഷണം അട്ടിമറിച്ചു പ്രതികളെ രക്ഷിക്കാന്‍ സി.പി.എമ്മും സര്‍ക്കാറിലെ ഉന്നതരും ശ്രമിക്കുമ്പോള്‍ കേരള പോലീസ് നടത്തുന്ന അന്വേഷണം വിശ്വസിക്കാന്‍ ആവില്ല. സംസ്ഥാന സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഏത് അന്വേഷണവും പ്രതികളെ രക്ഷപ്പെടുത്താനെ ഉപകരിക്കു. സി.പി.എം ഉന്നത നേതാക്കള്‍ക്ക് സംഭവത്തില്‍ പങ്കുണ്ടെന്ന സംശയം കുടുംബത്തിനും പ്രതിപക്ഷത്തിനുമുണ്ട്. ഈ സാഹചര്യത്തില്‍ സി.ബി.ഐ അന്വേഷണം അനിവാര്യമാണ്. മാര്‍ച്ച് 14 ന് രാവിലെ 9 മണിക്ക് പത്തനംതിട്ട ടൗണ്‍ സ്ക്വയറില്‍ രാജ്യസഭാ മുന്‍ ഉപാധ്യക്ഷന്‍ പ്രൊഫ. പി ജെ കുര്യന്‍ ഉപവാസ സമരം ഉദ്ഘാടനം ചെയ്യും. വൈകുന്നേരം 5 മണിക്ക് മുന്‍ കെ.പി.സി.സി പ്രസിഡന്‍റ് കെ. മുരളീധരന്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.