നവാഡ: ബിഹാറിലെ നവാഡയിൽ സർക്കാർ സ്കൂൾ പ്രിൻസിപ്പലിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഹൈസ്കൂൾ വിദ്യാർഥിനികൾ. 52കാരനായ പ്രിൻസിപ്പൽ മഹേഷ് പ്രസാദ് യാദവ് മോശമായി പെരുമാറിയെന്നാണ് വിദ്യാർഥിനികളുടെ പരാതി. പ്രിൻസിപ്പൽ സ്ഥിരമായി തങ്ങളെ എടുത്തുയർത്തുകയും കവിളിൽ സ്പർശിക്കുകയും ചെയ്തിരുന്നതായി പെൺകുട്ടികൾ ആരോപിച്ചു. മാത്രമല്ല ബാത്ത്റൂമിലേക്ക് പിന്തുടർന്ന് എത്തുകയും അവിടെ ഒളിഞ്ഞുനോക്കുകയും ചെയ്തതായും വിദ്യാർഥിനികൾ വെളിപ്പെടുത്തി.
കുട്ടികൾ നടത്തിയ തുറന്നുപറച്ചിൽ പുറത്തുവന്നതോടെ സംഭവത്തിൽ പ്രതിഷേധവുമായി രക്ഷിതാക്കളും നാട്ടുകാരും സ്കൂളിന് മുന്നിൽ തടിച്ചുകൂടി. സ്ഥിതിഗതികൾ സംഘർഷത്തിലേക്ക് നീങ്ങാനുള്ള സാഹചര്യമുണ്ടായതോടെ പോലീസ് സ്ഥലത്തെത്തി പ്രതിഷേധക്കാരെ നിയന്ത്രിക്കുകയും സ്ഥിതി ശാന്തമാക്കുകയും ചെയ്തു. വിദ്യാർഥിനികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ മഹേഷ് പ്രസാദ് യാദവിനെതിരെ പോക്സോ നിയമത്തിലെ വകുപ്പുകൾ ഉൾപ്പെടെ ചുമത്തി പോലീസ് കേസെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് പെൺകുട്ടികൾക്ക് കൗൺസിലിങ്ങും നൽകിയതായി പോലീസ് അറിയിച്ചു.































