ചിറയിന്‍കീഴ് : മലയാള സിനിമയുടെ നിത്യഹരിത നായകനും മലയാളികളുടെ സ്വന്തം പത്മശ്രീയുമായ പ്രേംനസീറിന്റെ വീടായ ലൈല കോട്ടേജ് വില്‍പ്പനയ്ക്കെന്ന് പ്രചാരണം. ചിറയിന്‍കീഴ് പുളിമൂട് ജങ്ഷന് സമീപം കോരാണി റോഡിലുള്ള വീടാണ് വില്‍പനയ്ക്ക് വെച്ചിരിക്കുന്നത്. വീടും പറമ്പും നോക്കാനാളില്ലാത്തതിനാലാണ് ഓഹരിയായി ലഭിച്ച വീടും പുരയിടവും വില്‍ക്കാനായി ഇപ്പോഴത്തെ അവകാശികള്‍ ശ്രമിക്കുന്നതെന്നാണ് വിവരം. അറുപതോളം വര്‍ഷം പഴക്കമുണ്ടെങ്കിലും കോണ്‍ക്രീറ്റിനോ ചുമരുകള്‍ക്കോ കേടുപാടുകളൊന്നുമില്ല. പ്രേംനസീറെന്ന അതുല്യ പ്രതിഭയുടെ ജന്മനാട്ടിലെ ഏക അടയാളമായിട്ടാണ് ഈ വീട് അവശേഷിക്കുന്നത്. പ്രേംനസീറിന്റെ മൂന്ന് മക്കളില്‍ ഇളയമകളായ റീത്തയ്ക്കാണ് കുടുംബസ്വത്തായി ഈ വീട് ലഭിച്ചത്.
അടുത്തകാലത്ത് ഈ വീട് റീത്ത തന്റെ മകള്‍ക്ക് നല്‍കി. മകള്‍ ഇപ്പോള്‍ കുടുംബസമേതം അമേരിക്കയില്‍ സ്ഥിരതാമസമാണ്. പ്രേംനസീറിന്റെ വീട് കാണാന്‍ നിരവധിപേരാണ് വിവിധ സ്ഥലങ്ങളില്‍നിന്നും ചിറയിന്‍കീഴില്‍ എത്തുന്നത്. സിനിമാരംഗത്തുള്ളവരും വീട് കാണാന്‍ എത്താറുണ്ട്. ചിറയിന്‍കീഴിനെ ലോകപ്രസിദ്ധമാക്കിയ മഹാപ്രതിഭയുടെ വീട് സ്മാരകമാക്കണമെന്ന ആവശ്യമാണ് നാട്ടുകാര്‍ക്കുള്ളത്. നസീറിന്റെ വീട് വില്‍പ്പനയ്ക്കെന്ന പ്രചാരണം സാമൂഹികമാധ്യമങ്ങളിലും സജീവമായതോടെ വില്പനയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേരാണ് രംഗത്തുവന്നിരിക്കുന്നത്. ഗ്രാമപ്പഞ്ചായത്തോ സര്‍ക്കാരോ ഈ വീട് വിലയ്ക്കു വാങ്ങി സ്മാരകമാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.