കേരളത്തില്‍ വ്യാപകമായിക്കൊണ്ടിരിക്കുന്ന നിക്ഷേപ തട്ടിപ്പിനെക്കുറിച്ച് പത്തനംതിട്ട മീഡിയാ ചീഫ് എഡിറ്റര്‍ പ്രകാശ് ഇഞ്ചത്താനം തയ്യാറാക്കുന്ന പരമ്പരയുടെ അഞ്ചാം ഭാഗം. സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളെക്കുറിച്ചും അവരുടെ നിക്ഷേപ പദ്ധതികളെക്കുറിച്ചും അതില്‍ നിക്ഷേപകര്‍ക്ക് ദോഷമായി ഒളിഞ്ഞിരിക്കുന്ന വിവരങ്ങളെക്കുറിച്ചും ജനങ്ങളെ ബോധവാന്മാരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പരമ്പര പ്രസിദ്ധീകരിക്കുന്നത്. നിക്ഷേപകരെ കബളിപ്പിക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെ ചില സ്ഥാപനങ്ങള്‍ മുമ്പോട്ടുപോകുമ്പോള്‍ ഈ പരമ്പരയിലൂടെ വെളിപ്പെടുത്തുന്ന വിവരങ്ങള്‍ നിക്ഷേപകര്‍ക്ക് പ്രയോജനകരമാകും എന്ന് കരുതുന്നു, കൂടുതല്‍പേരിലേക്ക് ഈ വാര്‍ത്ത ഷെയര്‍ ചെയ്ത് എത്തിക്കുമല്ലോ – എഡിറ്റോറിയല്‍ ബോര്‍ഡ്.
സ്വകാര്യ ധനകാര്യ മേഖലയില്‍ ഇന്ന് ഏറ്റവും പ്രിയം നോണ്‍ ബാങ്കിംഗ് ഫിനാന്‍സ് കമ്പിനികള്‍ക്കാണ് (NBFC). എന്നാല്‍ ഇപ്പോള്‍ ഈ കമ്പിനികള്‍ക്ക് രജിസ്ട്രാര്‍ ഓഫ് കമ്പനീസിന്റെ അനുമതി ലഭിക്കുക അത്ര എളുപ്പമല്ല. മൂലധനവും കൂടുതല്‍ വേണം. അതുകൊണ്ടുതന്നെ പ്രവര്‍ത്തനമില്ലാതെ കിടക്കുന്ന കമ്പിനികള്‍ കേരളത്തില്‍ നിന്നോ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നോ വാങ്ങുകയാണ് ഏറ്റവും എളുപ്പം. കേരളത്തിലെ മിക്ക സ്വകാര്യ പണമിടപാടുകാര്‍ക്കും ഒന്നില്‍ കൂടുതല്‍ കമ്പിനികള്‍ ഉണ്ടാകും. ഇവയെല്ലാം വ്യത്യസ്തമായ പേരുകളിലാണ് അറിയപ്പെടുന്നത്. എന്നാല്‍ പൊതുജനങ്ങള്‍ക്ക് ഇവയെല്ലാം പല കമ്പിനികള്‍തന്നെ ആയിരിക്കും. അതുകൊണ്ടുതന്നെ പണം നിക്ഷേപിക്കാന്‍ ഈ സ്ഥാപനങ്ങളെയെല്ലാം പാവം നിക്ഷേപകന്‍ ആശ്രയിക്കും. തട്ടിപ്പ് നടത്തി ഉടമ മുങ്ങിക്കഴിയുമ്പോഴാണ് തങ്ങള്‍ക്കുപറ്റിയ ചതി ഇവര്‍ തിരിച്ചറിയുന്നത്.
വെന്റിലേറ്ററില്‍ സൂക്ഷിച്ചിട്ടുള്ള കമ്പിനികള്‍ വില്‍പ്പന നടത്താന്‍ തൃശ്ശൂരില്‍ നിരവധി എജന്റ്മാര്‍ ഉണ്ട്. കച്ചവടം ഉറപ്പിച്ചാല്‍ ഭൂരിപക്ഷം ഷെയറുകളും വാങ്ങി കമ്പിനി സ്വന്തമാക്കും. ഇങ്ങനെ കമ്പിനി വാങ്ങുന്നത് പ്രധാനമായും രണ്ടുകാര്യത്തിനാണ്. ഒന്ന് – നല്ലയൊരു NBFC കെട്ടിയുയര്‍ത്തുക. രണ്ട് – നല്ല നിലയില്‍ നടക്കുന്ന സ്ഥാപനത്തിലെ പണം ജീവനില്ലാതെ കിടക്കുന്ന കമ്പിനിയില്‍ നിക്ഷേപിക്കുക, പിന്നീട് ഈ കമ്പിനി നഷ്ടത്തില്‍ ആയെന്നും പൂട്ടിയെന്നും പറയുക, അല്ലെങ്കില്‍ കമ്പിനി നിയമപ്രകാരം ലിക്വിഡേറ്റ് ചെയ്യുക. ഇതിലൂടെ ഈ കമ്പിനിയിലേക്ക് ഒഴുക്കിയ കോടികള്‍ തട്ടിയെടുക്കുകയാണ് ലക്‌ഷ്യം. ഇന്ന് കേരളത്തിലെ ചില പ്രധാന കമ്പിനികള്‍ തട്ടിപ്പിന് ഒരുങ്ങുന്നത് ഈ വഴിക്കാണ്.
Personal loans, Home loans, Vehicle loans, Gold loans, Microfinance, Leasing and hire-purchase services, Credit card services, Insurance services, Investment and asset management services തുടങ്ങിയവയൊക്കെ NBFC കളുടെ പ്രധാന ബിസിനസ്സുകളാണ്. എന്നാല്‍ സ്വര്‍ണ്ണപ്പണയമാണ് എല്ലാവരുടെയും മുഖ്യ ബിസിനസ്, അതിനു പ്രത്യേക കാരണവുമുണ്ട്. ഇത് വിശദമായി താഴെ പ്രതിപാദിക്കാം. ചുരുക്കം ചിലര്‍ മൈക്രോ ഫിനാന്‍സ് നല്‍കുന്നുണ്ട്. ഈ വായ്പയുടെ പേരിലും ഇടപാടുകാരെ കൊള്ളയടിക്കുകയാണ് ചിലര്‍ ചെയ്യുന്നത്. ചെറിയ തുകകള്‍ വായ്പ എടുക്കാന്‍ വരുന്നവരെ നിര്‍ബന്ധമായി ഇന്‍ഷുറന്‍സ് എടുപ്പിക്കുക, പ്രഷര്‍ കുക്കറും ചട്ടിയും കലവുമൊക്കെ അടിച്ചേല്‍പ്പിക്കുക – ഇതിലൂടെ നല്‍കിയ വായ്പ്പയുടെ നല്ലൊരു പങ്ക് കയ്ക്കലാക്കുക എന്നതാണ് പരിപാടി. ചുരുക്കം പറഞ്ഞാല്‍ മുപ്പതിനായിരം രൂപ വായ്പ ലഭിച്ചയാള്‍ക്ക് കയ്യില്‍ കിട്ടുക കഷ്ടിച്ച് ഇരുപതിനായിരത്തോളം രൂപ മാത്രമാണ്. മധ്യ കേരളത്തിലെ ഒരു രാഷ്ട്രീയ പ്രമുഖന്റെ ഫിനാന്‍സ് കമ്പിനിയാണ് ഇത്തരം തട്ടിപ്പിന് മുമ്പില്‍ നില്‍ക്കുന്നത്. പേരിനു മുമ്പില്‍ ഇംഗ്ലീഷ് അക്ഷരങ്ങള്‍ ചുരുക്കപ്പേരായി ഉപയോഗിക്കുന്ന ഈ സ്ഥാപനത്തിന് കേരളത്തിലും പുറത്തുമായി ആയിരത്തോളം ശാഖകളുണ്ട്.
NBFC കള്‍ക്ക് ബിസിനസ് വിപുലീകരിക്കുവാന്‍ ഫണ്ട് ആവശ്യമായി വന്നാല്‍ അവര്‍ക്ക് കടപ്പത്രത്തിലൂടെ പണം സമാഹരിക്കാം. കടപ്പത്രം അഥവാ ഡിബഞ്ചര്‍ പലതരമുണ്ട്, ഇതിനെപ്പറ്റി പിന്നീട് പ്രതിപാദിക്കാം. കടപ്പത്രത്തിലൂടെയല്ലാതെ ഇത്തരം കമ്പിനികള്‍ക്ക് പണം സ്വീകരിക്കുവാന്‍ കഴിയില്ല. ഇതിന് രജിസ്ട്രാര്‍ ഓഫ് കമ്പനീസ് അനുമതി നല്‍കുകയും വേണം. കടപ്പത്രത്തിന് മുഖവിലയുണ്ട്, അതുപോലെ കാലാവധിയുമുണ്ട്. കടപ്പത്രത്തിലൂടെ സമാഹരിക്കുന്ന തുക ആ കമ്പിനിയുടെ ബിസിനസ് വിപുലീകരണത്തിന് മാത്രമേ ഉപയോഗിക്കുവാന്‍ കഴിയു. എന്നാല്‍ ഒഴുകിയെത്തുന്ന കോടികള്‍ മിക്കവരും വകമാറ്റി ചെലവഴിക്കും. ആഡംബര വാഹനങ്ങള്‍ വാങ്ങുക, കോടികള്‍ ചെലവഴിച്ച് വീട് പണിയുക, തോട്ടങ്ങള്‍ വാങ്ങുക, വിദേശ കമ്പിനികളില്‍ മുതല്‍ മുടക്കുക, വ്യാപാര സ്ഥാപനങ്ങള്‍ തുടങ്ങുക ഇവയൊക്കെയാണ് പ്രധാന പരിപാടി.
NBFC യില്‍ നിന്നും ഈ പണം പുറത്തേക്ക് എത്തിക്കുന്നത് വളരെ തന്ത്രപരമായാണ്. കമ്പിനിക്ക് നൂറുകണക്കിന് ബ്രാഞ്ചുകള്‍ ഉണ്ടാകും. ഇവിടെയെല്ലാം പലരുടെയും പേരില്‍ സ്വര്‍ണ്ണം പണയം വെച്ച് പണം പുറത്തേക്ക് എത്തിക്കും. മുമ്പ് പണയം വെച്ചവരുടെ തിരിച്ചറിയല്‍ കാര്‍ഡുകളും രേഖകളുമാണ് ഇവിടെയൊക്കെ അനധികൃതമായി ഉപയോഗിക്കുന്നത്. പണയം വെക്കുന്നത് യഥാര്‍ഥ സ്വര്‍ണ്ണമല്ല. കൊല്ലത്തും തൃശൂരുമുള്ള പ്രമുഖ ഇമിറ്റേഷന്‍ ആഭരണ നിര്‍മ്മാതാക്കളാണ് ഇവര്‍ക്ക് ആവശ്യമായ മുക്കുപണ്ടങ്ങള്‍ നല്‍കുന്നത്. മുക്കുപണ്ടം പണയം വെക്കുന്നത് കമ്പിനിയുടെ വളരെ വേണ്ടപ്പെട്ടവര്‍ മാത്രമേ അറിയൂ. ഇപ്രകാരം ലഭിക്കുന്ന പണം ആഡംബര ജീവിതത്തിനും ധൂര്‍ത്തിനും ബിനാമി പേരുകളില്‍ സ്വത്തുക്കള്‍ വാങ്ങിക്കൂട്ടുവാനുമാണ് കമ്പിനി ഉടമ ഉപയോഗിക്കുന്നത്. കമ്പിനിയുടെ കണക്കില്‍ സ്വര്‍ണ്ണപ്പണയ ബിസിനസ് വര്‍ദ്ധിക്കുകയും ചെയ്യും. കമ്പിനി പൂട്ടിയാല്‍ ഉടമക്ക് ഒന്നും നഷ്ടപ്പെടാനില്ല, നാട്ടുകാരന്റെ കാശ് മാത്രമേ നഷ്ടപ്പെടുകയുള്ളൂ. പണം നഷ്ടപ്പെട്ട നിക്ഷേപകന്‍ തെരുവില്‍ അലയുമ്പോള്‍ ആഡംബര ജീവിതവുമായി കമ്പിനി മുതലാളിയും കുടുംബവും സസുഖം കഴിയുന്നുണ്ടാകും.
പുറമേനിന്ന് ഇവിടേയ്ക്ക് പരിശോധനകള്‍ ഒന്നും ഇല്ലാത്തതിനാല്‍ മുക്കുപണ്ടങ്ങള്‍ എല്ലാ ബ്രാഞ്ചിലും സുരക്ഷിതമായിരിക്കും. തങ്ങളുടെ വരുതിയില്‍ നില്‍ക്കാത്ത ജീവനക്കാരെ കുടുക്കുവാനും ഈ മുക്കുപണ്ടം ഉപയോഗിക്കും. കഴിഞ്ഞ നാളുകളില്‍ ഈ പ്രവണത വര്‍ദ്ധിച്ചുവരികയാണ്. പല പ്രമുഖ സ്ഥാപനങ്ങളുടെയും ബ്രാഞ്ചുകളില്‍ നിന്നും പണയം വെച്ച മുക്കുപണ്ടം പിടിച്ചെടുത്തിരുന്നു. ജീവനക്കാരെ ഒതുക്കുവാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗമായി പല മുതലാളിമാരും കാണുന്നത് ഇതാണ്. എന്നാല്‍ മുക്കുപണ്ട തട്ടിപ്പ് വാര്‍ത്ത മാധ്യമങ്ങളില്‍ വരാതിരിക്കുവാനുള്ള എല്ലാ തന്ത്രങ്ങളും ഇവര്‍ പയറ്റും. ഇതിന് നിരവധി ഉദാഹരണങ്ങളുണ്ട്. മുക്കുപണ്ടം പണയമായി കാണിച്ച് കോടികള്‍ അടിച്ചുമാറ്റിയ മുതലാളി ഒരുനാള്‍ വിദേശ രാജ്യത്തേക്ക് മുങ്ങിയാല്‍ പണം നിക്ഷേപിച്ചവര്‍ക്ക് വീതം വെക്കുവാന്‍ മുക്കുപണ്ടം മാത്രമാണ് ഉണ്ടാകുക.>>> തുടരും….
ചിട്ടി വട്ടമെത്തിയാലും കൊടുക്കാതെ തട്ടിപ്പ് നടത്തുന്ന കുറിക്കമ്പിനികള്‍, റിയല്‍ എസ്റ്റേറ്റ് രംഗത്തെ തട്ടിപ്പുകള്‍, ഫ്ലാറ്റ് തട്ടിപ്പ്, മണി ചെയിന്‍, മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിംഗ്, തൊഴില്‍ തട്ടിപ്പ്, ജ്വല്ലറികളുടെ സ്വര്‍ണ്ണാഭരണ തട്ടിപ്പുകള്‍, ഇന്‍ഷുറന്‍സ് തട്ടിപ്പ്, മൈക്രോ ഫിനാന്‍സ് തട്ടിപ്പ്, സഹകരണ ബാങ്ക് നിക്ഷേപ തട്ടിപ്പ്, ഓണ്‍ലൈന്‍ തട്ടിപ്പുകള്‍. ഇന്‍സ്റ്റന്റ് ലോണ്‍ തട്ടിപ്പ് …. തുടങ്ങിയ നിരവധി തട്ടിപ്പുകളാണ് ഓരോ ദിവസവും കേരളത്തില്‍ അരങ്ങേറുന്നത്. ഇതിനെതിരെ പ്രതികരിക്കേണ്ടത് ജനങ്ങളാണ്, ബോധവാന്മാരാകേണ്ടത് വിദ്യാസമ്പന്നരായ കേരള ജനതയാണ്. തട്ടിപ്പിനെക്കുറിച്ചുള്ള വിവരങ്ങള്‍ വ്യക്തമായ തെളിവ് സഹിതം ഞങ്ങള്‍ക്ക് നല്‍കുക. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്. ചീഫ് എഡിറ്റര്‍ പ്രകാശ് ഇഞ്ചത്താനം – Call/Whatsapp 94473 66263, Call 85471 98263, Mail – [email protected]. വാര്‍ത്തകളുടെ ലിങ്കുകള്‍ വാട്സ് ആപ്പ് ഗ്രൂപ്പില്‍ തത്സമയം ലഭ്യമാണ്. വാട്സ് ആപ്പ് ഗ്രൂപ്പില്‍ ചേരുവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.https://chat.whatsapp.com/Jun6KNArIbN2yHskZaMdhs