കൊച്ചി : എന്‍സിഡികള്‍ നിക്ഷേപകരെ നന്നാക്കാനല്ല. മറിച്ച് സാമ്പത്തിക ബുദ്ധിമുട്ടില്‍ അകപ്പെട്ട കമ്പനികളുടെ അടിസ്ഥാന സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനാണ് . എല്ലാ നിക്ഷേപകരും ആഗ്രഹിക്കുന്നത് നിക്ഷേപത്തില്‍ നിന്നും മികച്ച ഒരു നേട്ടം ലഭിക്കണമെന്നാണ്. നേട്ടത്തിനൊപ്പം സുരക്ഷിതത്വവും ആഗ്രഹിക്കുന്നവര്‍ ബാങ്കുകളിലെ സ്ഥിര നിക്ഷേപങ്ങളെയാണ് ആശ്രയിക്കാറ്. എന്നാല്‍ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് വേണ്ടത്ര നേട്ടം തരുന്നില്ലെങ്കില്‍ മറ്റ് നിക്ഷേപ ഉപകരണങ്ങളെ ആശ്രയിക്കുന്നവരുമുണ്ട്. ഇത്തരത്തില്‍ ഉയര്‍ന്ന റിട്ടേണ്‍ ആഗ്രഹിക്കുന്നവര്‍ക്ക് നിക്ഷേപത്തിനു ആശ്രയിക്കാവുന്ന ഒരു നിക്ഷേപ ഉപകരണമാണ് നോണ്‍ കണ്‍വര്‍ട്ടബിള്‍ ഡിബഞ്ചറുകള്‍ (എന്‍സിഡി). സ്ഥിര നിക്ഷേപങ്ങളേക്കാള്‍ നേട്ടം പ്രതീക്ഷിക്കാം.
തങ്ങളുടെ മൂലധനാവശ്യത്തിനു തുക സ്വരൂപിക്കുവാനായി കമ്പിനികളാണ് ഇത്തരം എന്‍സിഡികള്‍ പുറപ്പെടുവിക്കാറ്. പബ്ലിക് ഇഷ്യു വഴിയാണ് കമ്പിനികള്‍ തുക സ്വരൂപിക്കുക. വിവിധ കാലാവധിയിലും വിവിധ പലിശയിലുമുള്ള എന്‍സിഡികള്‍ അവരുടെ ആവശ്യമനുസരിച്ച് ഇഷ്യു ചെയ്യുന്നു. ബാങ്ക് നിക്ഷേപങ്ങള്‍ 6.5-7 എന്നീ നിരക്കുകളില്‍ പലിശ നല്‍കുമ്പോള്‍ എന്‍സിഡിക്ക് 8.9-12 ശതമാനം പലിശ ലഭിക്കും. സെബിയുടെ നിയന്ത്രണത്തിനു വിധേയമായാണ് കമ്പിനികള്‍ എന്‍സിഡി പുറത്തിറക്കുന്നത്. മിക്ക കമ്പിനികളും ഇപ്പോള്‍ എന്‍സിഡികള്‍ സ്റ്റോക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്യുകയും ചെയ്യുന്നുണ്ട്. ഇതുവഴി ഇവയുടെ ലിക്വിഡിറ്റി വര്‍ധിക്കുകയും ചെയ്തിട്ടുണ്ട്.
അടുത്തയിടെ ജെഎം ഫിനാന്‍സ്, ദിവാന്‍ ഹൗസിംഗ് ഫിനാന്‍സ് കോര്‍പ്പറേഷന്‍സ് ലിമിറ്റഡ്, ശ്രേയി ഇന്‍ഫ്രസ്ട്രക്ച്ചര്‍ ഫിനാന്‍സ് ലിമിറ്റഡ്, മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡ് തുടങ്ങിയ കമ്പിനികള്‍ എന്‍സിഡി ഇഷ്യു ചെയ്തിരുന്നു. ഡിഎച്ച്എഫ്എല്ലിന്റെ ഇഷ്യു മെയ് 22 നാണ് ആരംഭിച്ചത്. ജൂണ്‍ നാലിന് അവസാനിക്കും. ഡിഎച്ച്എഫ്എല്‍ എന്‍സിഡിക്ക് ‘ട്രിപ്പിള്‍ എ’ റേറ്റിംഗുണ്ട്. ഇഷ്യു വില 1000 രൂപയാണ്. ജെഎം ഫിനാന്‍ഷ്യല്‍ ക്രെഡിറ്റ് സൊലൂഷന്‍സിന്റെ എന്‍സിഡി ഇഷ്യു മെയ് 28 ന് ആരംഭിച്ച് ജൂണ്‍ 20 ന് അവസാനിക്കും. ഇഷ്യു വില 1000 രൂപയാണ്. കമ്പിനിയുടെ റേറ്റിംഗ് ഡബിള്‍ എ ആണ്.
എന്‍സിഡിയുടെ സവിശേഷതകള്‍
ഇഷ്യു : കമ്പിനികള്‍ എന്‍സിഡികള്‍ നല്‍കുന്നത് പബ്‌ളിക് ഇഷ്യുവിലൂടെയാണ്. നിക്ഷേപകര്‍ക്ക് വാങ്ങാനായി നിശ്ചിത കാലയളവ് നല്‍കും. സ്റ്റോക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്യുന്നതിനാല്‍ ദ്വിതീയ വിപണിയില്‍നിന്നും എന്‍സിഡി വാങ്ങാനുള്ള അവസരമുണ്ടാകും.
റേറ്റിംഗ് : റേറ്റിംഗ് ഏജന്‍സികള്‍ ഈ ഉപകരണങ്ങള്‍ക്കു റേറ്റിംഗ് നല്‍കുന്നുണ്ട്. അതുവഴി നിക്ഷേപകര്‍ക്കും അതിന്റെ സുരക്ഷിതത്വത്തെക്കുറിച്ച് ഒരു ധാരണ ലഭിക്കുന്നു. ദീര്‍ഘകാലം, ഹൃസ്വകാലം, സ്ഥിര നിക്ഷേപം എന്നിങ്ങനെ മൂന്നു സ്‌കെയിലുകളിലാണ് റേറ്റിംഗ് നല്‍കുന്നത്. ട്രിപ്പിള്‍ എ റേറ്റംഗ് ലഭിക്കുന്ന കടപ്പത്രങ്ങള്‍ക്ക് ഉയര്‍ന്ന സുരക്ഷിതത്വമുണ്ടെന്നാണ് വെയ്പ്.
എന്‍സിഡിയിലേയ്ക്ക് നിക്ഷേപകരെ എത്തിക്കുന്നതിന് മറ്റു നിക്ഷേപങ്ങള്‍ക്ക് പലിശ തീരെ കുറയ്ക്കുക എന്ന തന്ത്രമാണ് സാമ്പത്തിക സ്ഥാപനങ്ങള്‍ സ്വീകരിക്കുന്നത്. എന്‍സിഡിയിലേയ്ക്ക് പണം നിക്ഷേപിക്കും മുമ്പ് നിക്ഷേപകന്‍ മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതുണ്ട്. എന്‍സിഡി പ്രഖ്യാപിക്കുന്ന ബാങ്കിന്റെ അല്ലെങ്കില്‍ സ്വകാര്യ സാമ്പത്തിക സ്ഥാപനത്തിന്റെ അല്ലെങ്കില്‍ കമ്പിനികളുടെ തിരിച്ചടവ് ചരിത്രവും കമ്പിനികളുടെ പശ്ചാത്തലവും പഠിക്കുന്നത് നല്ലതാണ്. നിക്ഷേപകര്‍ക്ക് തിരിച്ചടവു നടത്തുന്നതില്‍ കമ്പിനി എന്തെങ്കിലും വീഴ്ച്ചകള്‍ വരുത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കാം. മറ്റു കമ്പനികളുടെ ഇടനിലക്കാരാണോ എന്നും പരിധിക്കണം.
സുരക്ഷിതമായ എന്‍സിഡി, സുരക്ഷിതമല്ലാത്ത എന്‍സിഡി
ചില കമ്പിനികളുടെ ഡിബഞ്ചറുകള്‍ സുരക്ഷിതമായിരിക്കും. കമ്പിനിയുടെ ആസ്തി ജാമ്യത്തിലായിരിക്കും ഇത്തരം ഡിബഞ്ചറുകള്‍ ഇഷ്യു ചെയ്യുന്നത്. ചില ഡിബഞ്ചറുകള്‍ക്ക് ഇത്തരത്തിലുള്ള സുരക്ഷിതത്വം ഉണ്ടാകില്ല. നിക്ഷേപത്തിനു മുന്പ് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം.
ലിസ്റ്റിംഗ്, ലിക്വിഡിറ്റി : സ്റ്റോക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്ത ഡിബഞ്ചറുകളുണ്ടാകും. ആവശ്യം വന്നാല്‍ കാലവധി പൂര്‍ത്തിയാക്കുന്നതിനു മുന്പ് നിക്ഷേപകന് വിറ്റ് പണം എടുക്കുവാന്‍ ഇതു സഹായിക്കുന്നു. പക്ഷേ നിക്ഷേപകര്‍ നിക്ഷേപ ഉപകരണത്തിന്റെ വില മാറ്റങ്ങള്‍ ശ്രദ്ധിക്കണം. ഇത് പലിശ നിരക്കിലുള്ള വ്യതിയാനങ്ങളുമായി എന്‍സിഡിയുടെ വിപണി വില ബന്ധപ്പെട്ടിരിക്കുന്നു.
നിക്ഷേപകന്റെ ആവശ്യത്തിനനുസരിച്ചാണ് പലിശ നല്‍കുന്നത്. അത് മാസത്തില്‍, ത്രൈമാസത്തില്‍, അര്‍ധവാര്‍ഷികമായി, വാര്‍ഷികമായി എങ്ങനെ വേണമെന്ന് നിക്ഷേപകന് തെരഞ്ഞെടുക്കാം. എന്‍സിഡികള്‍ തിരഞ്ഞെടുക്കുമ്പോള്‍ പലിശ ലഭ്യമാകുന്ന കാലാവധി ത്രൈമാസ കാലാവധി ദിരഞ്ഞെടുക്കുന്നതാണ് നല്ലത്. പലിശ ലഭ്യമായില്ലെങ്കില്‍ നമുക്ക് മറ്റു നടപടികളിലേയ്ക്കു നീങ്ങാന്‍ സാധിക്കും. ഡിബഞ്ചറുകളുടെ മച്യൂരിറ്റി കാലാവധി കുറഞ്ഞത് 90 ദിവസമാണ്. 10 വര്‍ഷം വരെയോ 30 വര്‍ഷം വരെയോയുള്ള കടപ്പത്രങ്ങളുണ്ട്. എന്‍സിഡിയില്‍ നിന്നു ലഭിക്കുന്ന റിട്ടേണിന് നികുതി നല്‍കണം.
സുരക്ഷിതത്വം : എന്‍സിഡി ഇന്‍ഷുറന്‍സ് വഴി സുരക്ഷിതമാക്കിയിട്ടില്ല. എന്നാല്‍ ബാങ്കിലെ സ്ഥിര നിക്ഷേപങ്ങള്‍ (ഒരു ലക്ഷം രൂപ വരെ) ഇന്‍ഷുര്‍ ചെയ്ത് സുരക്ഷിതമാക്കിയവയാണ്. സാമ്പത്തിക സ്ഥാപനങ്ങള്‍ വ്യക്തികളെ സമീപിക്കുമ്പോള്‍ നിങ്ങളുടെ പണം ഇന്‍ഷ്വര്‍ ചെയ്താണ് സംരക്ഷിക്കുന്നതെന്നും കമ്പനി നിങ്ങള്‍ക്കും കൂടി ഇന്‍ഷ്വറന്‍സ് നല്‍കുമെന്നുമെല്ലൊ മോഹന-സുന്ദര വാഗ്ദാനങ്ങള്‍ നല്‍കുന്നുണ്ട്. എന്നാല്‍ ഇതിന് ഉറപ്പ് തരാനൊന്നും മെനക്കെടില്ല. ചോദിച്ചാലും എന്തെങ്കിലും പറഞ്ഞ് വഴിമാറ്റി വിടുകയെന്നതാണ് കമ്പനികളുടെ മാനേജര്‍ മുതല്‍ എക്‌സിക്യൂട്ടീവുകള്‍ വരെ ചെയ്യുന്നത്.
റിസ്‌ക് : എന്‍സിഡിയുടെ പ്രധാനപ്പെട്ട റിസ്‌ക് എന്‍സിഡിയുടെ വില മുഖവിലയെക്കാള്‍ താഴ്ന്നു പോകുമോ എന്നുള്ളതാണ്. രണ്ടാമത്തെ റിസ്‌ക് പലിശയുമായി ബന്ധപ്പെട്ടതാണ്. ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യപ്പെട്ട എന്‍സിഡികളാണെങ്കില്‍ കാലാവധി പൂര്‍ത്തിയാകുന്നതിനു മുന്പ് സെക്കന്ററി മാര്‍ക്കറ്റില്‍ വിറ്റാല്‍ താഴ്ന്ന നിരക്കിലുള്ള പലിശയെ ലഭിക്കൂ. ഇങ്ങനെയുള്ള ദുരന്തങ്ങള്‍ക്കു പുറമെയാണ് കാലാവധി പൂര്‍ത്തിയായിട്ടും പണം കയ്യില്‍ തരാതെ നിക്ഷേപകനെ വട്ടം ചുറ്റിക്കുന്നത് . അത് സ്വകാര്യ സാമ്പത്തിക സ്ഥാപനമാണെങ്കില്‍ ഉപയോഗിക്കുന്ന മറ്റൊരു അടവാണ് ഒരു കാര്‍ നിറയെ സ്ഥാപനത്തിന്റെ ഉദ്യോഗസ്ഥര്‍ നിങ്ങളുടെ വീട്ടിലെത്തി കാലാവധി പൂര്‍ത്തിയായ നക്ഷേപത്തുക നിങ്ങളെ പറഞ്ഞു സുഖിപ്പിച്ച് വീണ്ടും അവരുടെ പെട്ടിയില്‍ തന്നെ ഇടിയിക്കുക എന്നത്. അതിന് സാമ്പത്തിക ശാസ്ത്രത്തിന്റെ പിതാവായ ആദംസ്മിത്തിനെവരെ അവര്‍ എല്ലില്ലാത്ത നാക്കിലൂടെ നിങ്ങളുടെ മുന്നിലെത്തിക്കും. പക്ഷേ ഫലത്തില്‍ വരൂല്ല എന്നത് കാത്തിരുന്നു മനസ്സിലാക്കേണ്ടി വരും.