മുംബൈ : വീഡിയോകോണ്‍ സ്ഥാപകനും മുന്‍ ചെയര്‍മാനുമായ വേണുഗോപാല്‍ ദൂതിന്റെ വ്യക്തിഗത ആസ്തികള്‍ കണ്ടുകെട്ടാന്‍ ദേശീയ കമ്പനി ട്രൈബ്യൂണലിന്റെ (എന്‍സിഎല്‍ടി) മുംബൈ ബെഞ്ച് അനുമതി നല്‍കി. 6,100 കോടിയുടെ വായ്പ തിരിച്ചുപിടിക്കുന്നതിന്റെ ഭാഗമായി വ്യക്തിഗത പാപ്പരത്ത നിയമപ്രകാരമാണ് നടപടി.
വേണുഗോപാല്‍ ദൂതിന്റെ വ്യക്തിഗത ഉറപ്പിന്മേല്‍ വീഡിയോകോണ്‍ ഗ്രൂപ്പ് കമ്പനികള്‍ പലപ്പോഴായി ബാങ്കുകളിൽ നിന്നും ധനകാര്യ സ്ഥാപനങ്ങളിൽനിന്നുമായി 6,100 കോടി രൂപ വായ്പ സ്വീകരിച്ചിരുന്നു. എസ്ബിഐയുടെ നേതൃത്വത്തിലുളള വായ്പാ സ്ഥാപനങ്ങളുടെ സമിതി കഴിഞ്ഞ വര്‍ഷമാണ് എന്‍സിഎല്‍ടിയെ ഇതുമായി ബന്ധപ്പെട്ട നടപടികൾക്കായി സമീപിച്ചത്. കേസിലെ നടപടികളിലെ പുരോഗതി വിലയിരുത്താന്‍ സെപ്റ്റംബര്‍ 20 ന് കേസില്‍ ട്രൈബ്യൂണല്‍ വീണ്ടും വാദം കേള്‍ക്കും.