ന്യൂഡല്‍ഹി: ബിജെപി മുന്‍ എംപി സുഭാഷ് ചന്ദ്രയ്ക്ക് ദേശീയ കമ്പനി നിയമ ട്രൈബ്യൂണല്‍ പ്രഖ്യാപിച്ചത് വിചിത്ര ഇളവ്. മാധ്യമ പ്രവര്‍ത്തകന്‍ കൂടിയായ സുഭാഷ് ചന്ദ്രയ്ക്ക് വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍ തിരിച്ചടയ്ക്കാനുള്ള കോടികളുടെ ബാധ്യതയിലാണ് എന്‍സിഎല്‍ടി വന്‍ ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങള്‍ക്ക് നല്‍കാനുള്ള 22,000 കോടി രൂപയുടെ ബാധ്യത തീര്‍ക്കാന്‍ സുഭാഷ് ചന്ദ്ര കേവലം ആറര കോടി രൂപ നല്‍കിയാല്‍ മതി എന്നാണ് ട്രിബ്യൂണലിന്റെ വിചിത്ര ഉത്തരവ്.സുഭാഷ് ചന്ദ്രയ്‌ക്കെതിരെ ധനകാര്യ സ്ഥാപനമായ ഇന്ത്യ ബുള്‍സ് നല്‍കിയ കേസിലാണ് ട്രിബ്യൂണലിന്റെ വിധി. വ്യക്തിഗത പാപ്പരത്ത തിരിച്ചടവ് പദ്ധതിക്ക് എന്‍സിഎല്‍ടി അംഗീകാരം നല്‍കി. ഇതോടെ വായ്പാ ദാതാക്കള്‍ക്ക് ലഭിക്കേണ്ട 99.97% തുക നഷ്ടപ്പെടും എന്നാണ് വിവരം.
ഇന്‍സോള്‍വന്‍സി ആന്റ് ബാങ്ക്‌റപ്റ്റ്‌സി (ഐബിസി) നിയമപ്രകാരമാണ് കേസ് ഒത്തുതീര്‍പ്പാക്കിയിരിക്കുന്നത്. സുഭാഷ് ചന്ദ്രയുടെ തന്നെ സ്ഥാപനമായ വിവേക് ഇന്‍ഫോകോണിന് വേണ്ടി 170 കോടി രൂപ ലോണ്‍ എടുത്തതുമായി ബന്ധപ്പെട്ടാണ് ഇന്ത്യ ബുള്‍സ് ഹൗസിങ് ഫിനാന്‍സ് എന്‍സിഎല്‍ടിസിയെ സമീപിച്ചത്.കടക്കാരന്‍ മുന്നോട്ട് വെക്കുന്ന തിരിച്ചടവ് പദ്ധതിക്ക് മറ്റ് ധനകാര്യ സ്ഥാപനങ്ങള്‍ നല്‍കുന്ന അംഗീകാരത്തിനാണ് ഐബിസി നിയമപ്രകാരം മുന്‍ഗണന നല്‍കുന്നത്. ഇതനുസരിച്ചാണ് എന്‍സിഎല്‍ടി കേസ് പരിഗണിക്കുന്നത്. ഈ കേസില്‍ ഉള്‍പ്പെട്ടിട്ടുള്ള 88 ശതമാനം ധനകാര്യ സ്ഥാപനങ്ങളും സുഭാഷ് ചന്ദ്രയുടെ തിരിച്ചടവ് പദ്ധതിയെ അംഗീകരിച്ച സാഹചര്യത്തിലാണ് ട്രിബ്യൂണല്‍ വിധി പുറപ്പെടുവിച്ചത്. നേരത്തെ ഈ വിഷയത്തില്‍ ഡിവിഷന്‍ ബെഞ്ചില്‍ ഭിന്നവിധിയുണ്ടായതിനെ തുടര്‍ന്ന് മൂന്നാമതൊരു അംഗത്തിന്റെ വിലയിരുത്തലിലേക്ക് എന്‍സിഎല്‍ടി വിട്ടിരുന്നു.






























