പാലാ: പാലാ നഗരസഭയിലെ എന്‍.സി.പി.യുടെ ഏക കൗണ്‍സിലര്‍ മാണി സി. കാപ്പന്‍ എം. എല്‍. എ യെ കൈവിട്ടു. മാണി. സി. കാപ്പന്‍ യു.ഡി.എഫിലേക്ക് എന്ന് പ്രചാരണം കൊടുമ്പിരിക്കൊണ്ടിരിക്കെയാണ്, ഇതേ വരെ കൗണ്‍സിലറായി സത്യപ്രതിജ്ഞ കഴിഞ്ഞിട്ടില്ലാത്ത എന്‍. സി.പി.യുടെ ഏക കൗണ്‍സിലര്‍ ഷീബ ജിയോ ഇന്ന് രാവിലെ പാലാ നഗരസഭയിലെ സി.പി.എം. കൗണ്‍സിലര്‍മാരുടെ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പങ്കെടുത്തത്.
മാണി. സി. കാപ്പന്‍ ഇടപെട്ടാണ് ഷീബ ജിയോ നഗരസഭാ 26ാം വാര്‍ഡില്‍ മത്സരിച്ചത്. എന്നാല്‍, പ്രചാരണം തുടങ്ങി കുറച്ചു കഴിഞ്ഞപ്പോള്‍ വാര്‍ഡിലെ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥിക്കു വേണ്ടി കാപ്പനും കൂട്ടരും ചില ചരടുവലികള്‍ നടത്തിയതായി ഇടതു മുന്നണി, പ്രത്യേകിച്ച് സി.പി.എം. ആരോപണമുന്നയിച്ചിരുന്നു.
എന്നാല്‍ ഇതെല്ലാം തള്ളിക്കളഞ്ഞ മാണി സി. കാപ്പന്‍ ഷീബ ജിയോ, എന്‍. സി. പി. യുടെ സ്ഥാനാര്‍ത്ഥിയാണെന്ന് പലവട്ടം പരസ്യമായി പറഞ്ഞിരുന്നു. ഷീബയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഫ്‌ളക്‌സും മറ്റും സ്‌പോണ്‍സര്‍ ചെയ്തതും കാപ്പനായിരുന്നു. എന്നാല്‍, യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി ജയിക്കുമെന്ന് ഏവരും പ്രതീക്ഷിച്ചിരുന്ന സീറ്റില്‍ ഷീബ അട്ടിമറി വിജയം നേടിയെങ്കിലും നേരിട്ടൊന്ന് വിളിച്ച് അഭിനന്ദിക്കാന്‍ പോലും എം. എല്‍. എ തയ്യാറാകാതിരുന്നത് ആക്ഷേപങ്ങള്‍ക്ക് കാരണമായിരുന്നു.
അതിനിടെയാണ് തന്ത്രപൂര്‍വ്വം സി.പി.എം പാലാ ഏരിയാ നേതൃത്വം കാര്യങ്ങള്‍ നീക്കിയത്. ഇന്ന് രാവിലെ 10.30 ഓടെ സി.പി.എം. പാലാ ഏരിയാ കമ്മിറ്റി ഓഫീസില്‍ നഗരസഭയിലെ സി.പി. എം കൗണ്‍സിലര്‍മാരുടെ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലേക്ക് ഷീബ എത്തി ഒരു മണിക്കൂര്‍ കഴിഞ്ഞാണ് മാണി സി. കാപ്പന്‍ വിവരമറിയുന്നത്. അപ്പോള്‍ തന്നെ ഷീബയെ വിളിക്കാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നുവത്രേ. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പാലാ നിയോജക മണ്ഡലത്തിലാകെയായി എന്‍. സി. പി.യ്ക്ക് രണ്ടേ രണ്ടു സീറ്റേ ഇടതു മുന്നണി കൊടുത്തിരുന്നുള്ളൂ. അതില്‍ ഒന്നില്‍ ജയിച്ച കൗണ്‍സിലറാണിപ്പോള്‍ പാര്‍ട്ടിയെയും കാപ്പനെയും തള്ളി സി.പി.എമ്മിന്റെ ക്യാമ്പിലേക്ക് ഞൊടിയിടയില്‍ കയറിപ്പറ്റിയത്.