ന്യൂഡല്‍ഹി : ഇടത് മുന്നണി അല്ലാതെ മറ്റൊരു മുന്നണിയുമായി സഹകരണം പാടില്ലെന്ന് എൻ.സി.പി ദേശീയ നേതൃത്വം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ യാത്രയിൽ പങ്കെടുക്കുന്നതിനും സംസ്ഥാനത്ത് യു.ഡി.എഫുമായി സഹകരിക്കുന്നതിനും അടക്കമാണ് എൻ.സി.പി പ്രവർത്തകർക്ക് വിലക്ക്.
നിർദേശം ലംഘിച്ചാൽ അച്ചടക്ക നടപടി ഉണ്ടാകുമെന്നാണ് നേതൃത്വത്തിന്റെ മുന്നറിയിപ്പ്. മാണി. സി. കാപ്പൻ യു.ഡി.എഫുമായി സഹകരിക്കാൻ നിശ്ചയിച്ച സാഹചര്യത്തിലാണ് നിർദേശം. ശരദ് പവാറിന്റെ നിർദേശം പ്രഫുൽ പട്ടേൽ സംസ്ഥാന നേതൃത്വത്തെ അറിയിച്ചു. അതേസമയം യു.ഡി.എഫിൽ ചേരാനുള്ള തീരുമാനവുമായി മുന്നോട്ടു പോകുമെന്ന് മാണി. സി. കാപ്പൻ വ്യക്തമാക്കി.
എന്‍.സി.പി കേന്ദ്ര നേത്രുത്വത്തിന്റെ അച്ചടക്കവാള്‍ കണ്ട് ഞെട്ടില്ലെന്നും ചെന്നിത്തലയുടെ യാത്രയില്‍ അടക്കം തങ്ങള്‍ പങ്കെടുക്കുമെന്നും പ്രവര്‍ത്തകര്‍ പറഞ്ഞു. മാണി .സി.കാപ്പനോട് കാണിച്ചത് കടുത്ത അനീതിയാണ്. ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നും ഇവര്‍ പറയുന്നു. സ്വന്തം കാര്യം മാത്രം നോക്കുന്ന ആളാണ് ശശീന്ദ്രനെന്നും ഇദ്ദേഹത്തിന് അധികാരം മാത്രമാണ് ലക്ഷ്യമെന്നും കാപ്പന്റെ അടുത്ത അനുയായി പറഞ്ഞു. ഹണി ട്രാപ്പില്‍ പെട്ട് നാറിയപ്പോള്‍ കാപ്പന്‍ കൂടെനിന്ന് സഹായിച്ചതാണ്. ആ കാപ്പനെ ഇപ്പോള്‍ കറിവേപ്പിലയാക്കുവാനാണ് ശശീന്ദ്രന്റെ ശ്രമം.