പത്തനംതിട്ട : കേന്ദ്രസർക്കാരിന്റെ മൌനാനുവാദത്തോടെ പെട്രോളിയം കമ്പിനികള്‍ നടത്തിവരുന്ന ഇന്ധന കൊള്ളക്കെതിരെ എൻസിപി പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലയിലെ വിവിധ പെട്രോൾ പമ്പുകള്‍ക്ക് മുമ്പില്‍ പ്രതിഷേധം സംഘടിപ്പിച്ചു. ജില്ലാതല ഉദ്ഘാടനം പത്തനംതിട്ടയില്‍ ജില്ലാ പ്രസിഡന്റ് കരിമ്പനകുഴി ശശിധരൻനായർ നിർവഹിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് നിർത്തിവെച്ചിരുന്ന പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിലവർദ്ധനവ്, തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ കൂടുതൽ വാശിയോടെ നടപ്പാക്കുകയാണ് മോദി സർക്കാർ. രാജ്യത്ത് പെട്രോൾ, ഡീസൽ വില റെക്കോർഡ് ഉയരത്തിലാണ്. പെട്രോൾ വില ലിറ്ററിന് 100 കടന്നിരിക്കുന്നു, ഡീസൽ വില ഏതുനിമിഷവും 100 കടക്കാവുന്ന സ്ഥിതിയിലുമാണ്. അസംസ്കൃത എണ്ണയുടെ വിലവർദ്ധനവ് ചൂണ്ടിക്കാട്ടിയാണ് കേന്ദ്രസർക്കാർ അന്യായമായി വിലകൂട്ടുന്നത്, എന്നാൽ കേന്ദ്രസർക്കാർ നികുതി വൻ തോതിൽ വർദ്ധിപ്പിച്ചതാണ് വില റെക്കോഡ് ഉയരത്തിലെത്താൻ കാരണമെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. 50 രൂപക്ക് ഇന്ധനം ജനങ്ങൾക്ക് നൽകുമെന്ന് ഉറപ്പ് നൽകിയാണ് മോദി സർക്കാർ അധികാരത്തിലേറിയത്.
2014 മെയ് മാസത്തിൽ ഒരു ലിറ്റർ പെട്രോളിന്റെ അടിസ്ഥാന വില 47 രൂപയായിരുന്നു, അന്നത്തെ കേന്ദ്രനികുതി 10 രൂപ 39 പൈസയും. എന്നാൽ ഇന്ന് പെട്രോളിന്റെ അടിസ്ഥാനവില 35 രൂപ 63 പൈസായി കുറഞ്ഞുവെങ്കിലും വില 100 രൂപയാണ്. വിലക്കയറ്റത്താൽ ജനങ്ങള്‍ അക്ഷരാർത്ഥത്തിൽ വീർപ്പുമുട്ടുകയാണ്.
വിവിധ പെട്രോൾ പമ്പുകൾക്ക് മുന്നിൽ നടത്തിയ പ്രതിഷേധങ്ങളിൽ ജില്ലാ സെക്രട്ടറി ജേക്കബ് ഫിലിപ്പ്, ജില്ലാ വൈസ് പ്രസിഡന്റ് മുഹമ്മദ് സാലി, ബ്ലോക്ക് പ്രസിഡന്റ് അഡ്വക്കേറ്റ് രാജു ഉള്ളനാട്, നാഷണലിസ്റ്റ് വനിതാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ബീനാ ഷെറീഫ്, സോനു കാരാവള്ളിൽ, ഷെറീഫ് തുടങ്ങിയവർ നേതൃത്വം നൽകി.