കോട്ടയം : മാണി സി കാപ്പനെതിരെ പരസ്യ പ്രതിഷേധവുമായി എന്‍സിപി. കാപ്പനെതിരെ പാര്‍ട്ടി പ്രവര്‍ത്തകര്‍ പാലായില്‍ പ്രകടനം നടത്തി. കാപ്പന്‍ യു ഡി എഫുമായി നേരത്തെ കരാറുണ്ടാക്കിയെന്ന് എ കെ ശശീന്ദ്രന്‍ ആരോപിച്ചു. ശരദ് പവാറിന്റെ പിന്തുണയുണ്ടെന്ന കാപ്പന്റെ വാദം ടി പി പീതാംബരന്‍ മാസ്റ്റര്‍ തള്ളി. ഇടത് മുന്നണി വിടാനുള്ള മാണി സി കാപ്പന്റെ തീരുമാനത്തിനൊപ്പം അണികളും നേതാക്കളുമില്ലെന്ന് വ്യക്തമാക്കുന്നതാണ് പ്രഖ്യാപനത്തിന് പിന്നാലെയുള്ള എന്‍സിപി നേതാക്കളുടെ പ്രതികരണവും പ്രതിഷേധവും.
സ്വന്തം തട്ടകമെന്ന് കാപ്പന്‍ അഭിമാനിച്ച പാലായില്‍ തന്നെ അണികള്‍ കാപ്പനെതിരെ പരസ്യമായി രംഗത്തിറങ്ങി. എന്‍സിപി പാലാ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പാലാ നഗരത്തിലെ പ്രതിഷേധ പ്രകടനം. സംസ്ഥാന നേതാക്കളും കാപ്പനെ പരസ്യമായി തള്ളിപ്പറഞ്ഞ് രംഗത്തെത്തി തുടങ്ങി. തന്റെ നീക്കങ്ങള്‍ക്ക് ശരദ്പവാറിന്റെ പിന്തുണയുണ്ടെന്ന കാപ്പന്റെ വാദം സംസ്ഥാന പ്രസിഡന്റ് ടി പി പീതാംബരന്‍ മാസ്റ്റര്‍ തള്ളി. കാപ്പന് യു ഡി എഫുമായി നേരത്തെ കരാറുണ്ടെന്ന് വ്യക്തമാക്കുന്നതാണ് ഇന്നത്തെ പ്രസ്താവനയെന്ന് മന്ത്രി എ കെ ശശീന്ദ്രനും ആരോപിച്ചു. കാപ്പന് പാര്‍ട്ടിയുടെ ജില്ലാ പ്രസിഡന്റുമാര്‍ ആരെന്നുപോലുമറിയില്ലെന്നായിരുന്നു കോഴിക്കോട് ജില്ലാ പ്രസിഡന്റ് മുക്കം മുഹമ്മദിന്റെ പരിഹാസം.