തിരുവനന്തപുരം : എ.കെ ശശീന്ദ്രനെ ലക്ഷ്യം വെച്ച് എന്‍.സി.പി യുവജന വിഭാഗം രംഗത്ത്. തുടര്‍ച്ചയായി മത്സരിക്കുന്നവര്‍ മാറി നില്‍ക്കണമെന്നും യുവാക്കള്‍ക്ക് അവസരം നല്‍കണമെന്നും യുവജന വിഭാഗം സംസ്ഥാന പ്രസിഡന്റ് ഷെനിന്‍ മന്ദിരാട് ആവശ്യപ്പെട്ടു.
എന്‍.സി.പി യില്‍ ഇരുവിഭാഗങ്ങള്‍ തമ്മിലെ വാക്ക്‌പോര് നടക്കുന്നതിനിടയിലാണ് എ.കെ ശശീന്ദ്രനെതിരെ യുവജന വിഭാഗം രംഗത്തെത്തിയിരിക്കുന്നത്. ഇരുപത്തി അഞ്ചാം വയസില്‍ മത്സരിക്കുന്നവര്‍ 75-ാം വയസ്സിലും മത്സരിക്കുന്നത് പാര്‍ട്ടിക്ക് ക്ഷീണം ചെയ്യുമെന്ന് യുവജന വിഭാഗം ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഇത്തരക്കാര്‍ മാറി പുതുതലമുറക്ക് സീറ്റ് വേണമെന്നും സംസ്ഥാന പ്രസിഡന്റ് ഷെനിന്‍ ആവശ്യപ്പെട്ടു.
സീനിയര്‍ നേതാവാണെങ്കിലും മാണി സി. കാപ്പന്‍ തുടരണമെന്നും യുവജന വിഭാഗം പറയുന്നു. പാല സീറ്റ് വിവാദത്തില്‍ അഭിപ്രായം സംസ്ഥാന പ്രസിഡന്റല്ലാതെ മാറ്റാരും പറയരുതെന്നും യുവജന വിഭാഗം നിലപാട് എടുത്തു. ശശീന്ദ്രനെ ലക്ഷ്യംവെച്ച് പീതാംബരന്‍ മാസ്റ്ററും ഇന്നലെ പ്രസ്താവന ഇറക്കിയിരുന്നു. ശശീന്ദ്രന് എലത്തൂര്‍ സീറ്റ് നല്‍കരുതെന്നാണ് ഔദ്യോഗിക പക്ഷത്തിന്റെ നിലപാട്. എന്നാല്‍ ഇടതുമുന്നണിക്കെപ്പം നിന്ന് വീണ്ടും എം.എല്‍.എ ആകാനാണ് ശശീന്ദ്രന്‍ ശ്രമിക്കുന്നത്.