പൂഞ്ഞാര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായ പിസി ജോര്‍ജ്ജിന് വീണ്ടും തിരിച്ചടി. മുസ്ലിം ന്യൂനപക്ഷങ്ങളെ കടന്നാക്രമിച്ച് ഹിന്ദു – ക്രിസ്ത്യന്‍ വോട്ടുകളുടെ വഴി വിജയം നേടാം എന്ന ജോര്‍ജ്ജിന്റെ തന്ത്രത്തിനെതിരെ ബിജെപി പൂഞ്ഞാര്‍ നിയോജകമണ്ഡലം കമ്മറ്റിയാണ് രംഗത്തുവന്നിരിക്കുന്നത്. ബിജെപി വോട്ടുകള്‍ പിസി ജോര്‍ജ്ജ് വിലയ്ക്കുവാങ്ങിയെന്ന തരത്തില്‍ മണ്ഡലത്തിലുടനീളം നടക്കുന്ന പ്രചരണമാണ് ബിജെപിയെ പ്രകോപിപ്പിച്ചിരിക്കുന്നത്.
ഇടതും വലതും ചാടി ഒടുവില്‍ എന്‍ഡിഎയില്‍ വന്നപ്പോള്‍ ആശ്രയം നല്‍കിയ ഞങ്ങളെയും അപമാനിച്ച് മുന്നണി വിട്ട ജോര്‍ജ്ജിന് വോട്ട് ചെയ്യേണ്ട ഗതികേട് ബിജെപിക്കും എന്‍ഡിഎയ്ക്കും ഇല്ലെന്നാണ് ബിജെപി നിയോജകമണ്ഡലം കമ്മറ്റിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ജാതിയും വര്‍ഗീയതയും പറയാതെ 1980 മുതല്‍ 9 വര്‍ഷം ഒഴിച്ച് ബാക്കി 30 – 35 വര്‍ഷം എംഎല്‍എ ആയി പ്രവര്‍ത്തിച്ച മണ്ഡലത്തില്‍ എന്ത് വികസനം നടപ്പിലാക്കിയെന്ന് പറയാന്‍ ധൈര്യമുണ്ടോ എന്നാണ് ബിജെപിയുടെ ചോദ്യം. മണ്ഡലത്തിലെ ഏറ്റവും പ്രധാന ടൂറിസം കേന്ദ്രമായ വാഗമണ്ണിലേയ്ക്ക് നേരാംവണ്ണം യാത്ര ചെയ്യാവുന്ന റോഡുകള്‍ ഉണ്ടാക്കാന്‍ എംഎല്‍എയ്ക്ക് കഴിഞ്ഞില്ലെന്നും ബിജെപി ആരോപിക്കുന്നു.
ഇതോടെ ഹിന്ദു വോട്ടുകള്‍ ലക്ഷ്യം വെച്ചുള്ള ജോര്‍ജ്ജിന്റെ തന്ത്രം പാളി. കഴിഞ്ഞ ദിവസം ക്രൈസ്തവ പുരോഹിതര്‍ തനിക്കൊപ്പമാണെന്ന നിലയിലുള്ള ചില പ്രചരണങ്ങള്‍ ജോര്‍ജ്ജ് നടത്തിയതിനെതിരെ കാഞ്ഞിരപ്പള്ളിയിലെ ചില വൈദികര്‍ തന്നെ രംഗത്തു വന്നിരുന്നു. ഇതോടെ ക്രൈസ്തവ വോട്ടുകള്‍ ലക്ഷ്യം വെച്ചുള്ള നീക്കവും പൊളിഞ്ഞു. മുന്‍ ബിഷപ്പ് മാര്‍ മാത്യു അറയ്ക്കലിനെതിരെ വ്യക്തിപരമായ ആരോപണങ്ങള്‍ ഉന്നയിച്ചതു സംബന്ധിച്ച ഭിന്നത സഭയും ജോര്‍ജുമായി തുടരുന്നുണ്ട്.
ബിജെപിയുടെ പോസ്റ്റ് ചുവടെ
ഇക്കഴിഞ്ഞ മൂന്ന് മൂന്നര പതിറ്റാണ്ടു കാലമായി പൂഞ്ഞാര്‍ MLA ആയ പിസി ജോര്‍ജ് പരാജയ ഭീതി മൂലം വിവാദങ്ങള്‍ സൃഷ്ടിക്കുന്ന തിരക്കില്‍ ആണ്. തോല്‍ക്കും എന്ന ഭീതി മൂലം മനപ്പൂര്‍വം വാര്‍ത്തകള്‍ സൃഷ്ടിച്ചു ജനശ്രദ്ധ പിടിച്ചു പറ്റി വോട്ട് പിടിക്കാനുള്ള തത്രപാടില്‍ ആണ് അദ്ദേഹം.BJP യുടെ വോട്ടുകള്‍ താന്‍ കാശ് കൊടുത്തു വാങ്ങി എന്ന തികച്ചും വസ്തുതാ വിരുദ്ധം ആയ കാര്യം അദ്ദേഹവും അദ്ദേഹത്തിന്റെ അനുയായികളും പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്.
ബുമാനപ്പെട്ട പിസി ജോര്‍ജും അദേഹത്തിന്റെ അണികളും അറിയാനായി ഒരു കാര്യം പറയാം… ഇടതും വലതും ചാടി ഒടുവില്‍ താങ്കള്‍ NDA പാളയത്തില്‍ വന്നപ്പോള്‍ ഇരുകൈകളും നീട്ടി സ്വീകരിച്ചവര്‍ ആണ് ഞങ്ങള്‍. ആ ഞങ്ങളെ അപമാനിച്ചു മുന്നണി വിട്ട് പോയ താങ്കള്‍ക്ക് വോട്ട് മറിച്ചു നല്‍കേണ്ട ഗതികേട് NDA മുന്നണിക്ക് ഇല്ല. ജനങ്ങളെയും പാര്‍ട്ടി അനുഭാവികളെയും തെറ്റിദ്ധരിപ്പിച്ചു വോട്ട് പിടുങ്ങാനുള്ള താങ്കളുടെ തന്ത്രം 8 ആയി മടക്കി പോക്കറ്റില്‍ വെച്ചാല്‍ മതി.
മൂന്ന് മുന്നണികളും രാഷ്ട്രീയം പറഞ്ഞു വോട്ട് പിടിക്കുമ്പോള്‍ നാണംകെട്ട കളികള്‍ കളിച്ചു വോട്ട് പിടിക്കാനുള്ള തന്ത്രങ്ങള്‍ ജനങ്ങള്‍ തിരിച്ചറിയും… വിജയിക്കണമെങ്കില്‍ കഴിഞ്ഞ 30-35 കൊല്ലമായി താങ്കള്‍ നടപ്പിലാക്കി എന്ന് പറയുന്ന വികസനങ്ങള്‍ പറഞ്ഞു വോട്ട് പിടിക്കുക…
പിസി ജോര്‍ജിനോടും ആശാന്‍ സ്നേഹികളോടും BJP ക്ക് ചില ചോദ്യങ്ങള്‍ ഉണ്ട്… 1980 മുല്‍ പി.സി ജോര്‍ജ് പൂഞ്ഞാര്‍ മണ്ഡലത്തിന്റെ എം.എല്‍.എ യാണ്. അതിനിടയില്‍ അദ്ദേഹം മാറി നിന്നത് ഒരു ഒമ്പത് വര്‍ഷം മാത്രമാണ്. ബാക്കി 30 വര്‍ഷത്തോളം അദ്ദേഹം എം.എല്‍.എ യായി തുടരുകയാണ്. ഒരു എം.എല്‍. എ എന്ന നിലയില്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനം പൂര്‍ണ്ണ പരാജയമാണ്. ആദ്യ കാലത്ത് നടപ്പിലാക്കിയ ചില വികസന പ്രവര്‍ത്തനങ്ങളുടെ പേരിലാണ് ഇപ്പോഴും അദ്ദേഹം പിടിച്ച് നില്‍ക്കുന്നത്.
മണ്ഡലത്തിലെ ജനങ്ങളുടെ ഏറ്റവും അടിസ്ഥാന പ്രശ്നമായി നില്‍ക്കന്നത് കുടിവെള്ള ക്ഷാമം പരിഹരിക്കുക എന്നതാണ്. നിരവധി പ്രോജക്ടുകള്‍ അതിനായി ആലോചിച്ചെങ്കിലും ഒന്ന് പോലും നടപ്പിലാക്കാന്‍ കഴിഞ്ഞില്ല. പൂഞ്ഞാര്‍ മണ്ഡലത്തോട് ചേര്‍ന്ന് കിടക്കുന്ന ടൂറിസ്റ്റ് മേഖലയാണ് വാഗമണ്‍. തീക്കോയി വാഗമണ്‍ റോഡ് എത്രയോ കാലമായി പൊട്ടിപൊളിഞ്ഞ് കിടക്കുന്നു. ഈ റോഡിന്റെ വികസനം എത്ര നാളായി ജനങ്ങള്‍ ആഗ്രഹിക്കുന്നതാണ്. എം. എല്‍.എ ക്ക് ഈ റോഡിന്റെ കാര്യത്തില്‍ എന്തെങ്കിലും ചെയ്യാന്‍ കഴിഞ്ഞോ?
ഈരാറ്റുപേട്ട സര്‍ക്കാര്‍ കുടുംബാരോഗ്യ കേന്ദ്രം. എത്രയോ വികസന സാധ്യതയുള്ള ഒരു സര്‍ക്കാര്‍ ചികിത്സ സംവിധാനമായി മാറ്റാമായിരുന്നു. അതിനാവശ്യമായ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ആ സ്ഥാപനത്തിന് ഉണ്ട്. ഈരാറ്റുപേട്ട കേന്ദ്രമായി പൂഞ്ഞാര്‍ താലൂക്ക് എന്നത് നാം എത്രയോ കാലങ്ങളായി ആഗ്രഹിക്കുന്ന കാര്യമാണ്. ഉമ്മന്‍ ചാണ്ടി മന്ത്രി സഭയില്‍ ക്യാബിനറ്റ് പദവിയോടെ ചീഫ് വിപ്പ് സ്ഥാനത്ത് ഇരുന്ന പി.സി ജോര്‍ജിന് ഇത് നേടിയെടുക്കാന്‍ എന്തെങ്കിലും പ്രയാസമുണ്ടായിരുന്നോ?
കഴിഞ്ഞ അഞ്ച് വര്‍ഷം അദ്ദേഹം പ്രതിപക്ഷത്തും ഭരണപക്ഷത്തും അല്ലാത്ത അവസ്ഥയിലായിരുന്നു. അതുകൊണ്ട് മണ്ഡലത്തിന്റെ വികസന കാര്യത്തില്‍ എന്തെങ്കിലും ചെയ്യാന്‍ അദ്ദേഹത്തിന് കഴിഞ്ഞോ? ഈ തെരഞ്ഞെടുപ്പില്‍ അദ്ദേഹം വിജയിച്ചാല്‍ ഇനിയും അത് തന്നെയല്ലേ ആവര്‍ത്തിക്കപ്പെടാന്‍ പോകുന്നത്. സമീപ നിയോജക മണ്ഡലങ്ങളിലെല്ലാം കോടി ക്കണക്കിന് രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കപ്പെടുമ്പോള്‍ പൂഞ്ഞാര്‍ ജനത കാഴ്ചക്കാരായി നോക്കി നില്‍ക്കേണ്ട അവസ്ഥയല്ലേ വരുന്നത്.
അതിനുള്ള അവസരം ഇനി നാം കൊടുക്കാന്‍ പാടില്ല. വികസന കാര്യങ്ങളില്‍ നിന്നും ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് ഒരു സമുദായത്തിന് നേരെ നിരന്തരമായി പ്രസ്താവനകള്‍ ഇറക്കുന്നത്. അവരെ തീവ്രവാദികളെന്നും ജിഹാദികളെന്നും വിളിച്ച് ആക്ഷേപിക്കുന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും മതസൗഹാര്‍ദത്തിന് പേരുകേട്ട ശബരിമല തീര്‍ത്ഥാടകരുടെ ഇടത്താവളമായി പ്രവര്‍ത്തിക്കുന്ന എരുമേലി സ്ഥിതിചെയ്യുന്നത് പൂഞ്ഞാര്‍ നിയോജക മണ്ഡലത്തിലാണ്. എത്രയോ നൂറ്റാണ്ടുകളായി മതസൗഹാര്‍ദത്തില്‍ കഴിയുന്ന പ്രദേശങ്ങളാണിതൊക്കെ.
മുസ്ലിം ഭൂരിപക്ഷ പ്രദേശമായ ഈരാറ്റുപേട്ടയുടെ ചരിത്രവും മതസൗഹാര്‍ദത്തിന്റെയും പരസ്പര സ്നേഹത്തിന്റെയും സന്ദേശങ്ങളല്ലേ നമുക്ക് പകര്‍ന്ന് നല്‍കുന്നത്. ഒരു വര്‍ഗീയ ലഹളയോ അതിന്റെ പേരിലുള്ള കൊലപാതകമോ ഈ നാട്ടില്‍ നടന്നിട്ടുണ്ടോ ? അങ്ങനെയുള്ള ഒരു പ്രദേശത്തെ പ്രതിനിധീകരിക്കുന്ന എം.എല്‍.എ യുടെ നാവില്‍ നിന്ന് വരേണ്ട സംസാരമാണോ പി.സി ജോര്‍ജ് നടത്തുന്നത്. തന്റെ വോട്ടര്‍മാരായ ആളുകളെ ജിഹാദികളാക്കി മാറ്റാനാണ് അദ്ദേഹം ശ്രമം നടത്തി കൊണ്ടിരിക്കുന്നത്.
നമ്മുടെ രാജ്യത്തിന്റെ ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ ഇത്തരത്തിലുള്ള പ്രസ്താവനകള്‍ക്ക് കുറെ സ്വീകാര്യത കിട്ടുമെന്ന് അദ്ദേഹത്തിനറിയാം. അതിന് വേണ്ടിയാണ് പാക്കിസ്ഥാനിലെ ന്യൂനപക്ഷങ്ങളുടെ കാര്യവും കേരളത്തിലെ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ ഓഫീസിന്റെ കാര്യവും, സിവില്‍ സര്‍വ്വീസിലെ ഒരു സമുദായത്തിന്റെ പുരോഗതിയുമൊക്കെ അദ്ദേഹം ചര്‍ച്ചയാക്കുന്നത്. അതിനിടയില്‍ ലൗജിഹാദും കടന്ന് വന്നു. അദ്ദേഹത്തിന്റെ വീട്ടില്‍ നിന്നാണ് ലൗജിഹാദിന് തുടക്കം കുറിച്ചത് എന്ന കാര്യം അദ്ദേഹം മറന്നു പോയി.
ഈരാറ്റുപേട്ടക്കാരെ തീവ്രവാദികളാക്കുന്ന പി.സി ജോര്‍ജാണ് സ്വന്തം നിയോജക മണ്ഡലത്തില്‍പ്പെട്ട മുണ്ടക്കയത്തെ തോട്ടം തൊഴിലാളികള്‍ക്ക് നേരെ തോക്ക് ചൂണ്ടിയത് എന്ന കാര്യം അദ്ദേഹം മറന്നോ ? കേരളത്തില്‍ തന്നെ വലിയ ചര്‍ച്ചയായി മാറിയ ഒരു സംഭവമായിരുന്നില്ലേ ഇത്. മണ്ഡലത്തില്‍ നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ പറഞ്ഞ് വോട്ട് ചോദിക്കാന്‍ സാധിക്കാതെ വന്നപ്പോള്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ പി.സി ജോര്‍ജ് കണ്ടെത്തിയ ചെപ്പടി വിദ്യയാണ് ജിഹാദി പ്രയോഗവും തീവ്രവാദവുമൊക്കെ എന്ന് പ്രബുദ്ധരായ പൂഞ്ഞാര്‍ നിയോജക മണ്ഡലത്തിലെ വോട്ടര്‍മാര്‍ തിരിച്ചറിഞ്ഞ് കഴിഞ്ഞു.